വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയെ ആഡംബര കാറില്‍ പൂട്ടിയിട്ട കോടീശ്വരന്‍ അറസ്റ്റില്‍

Posted on: June 14, 2013 11:11 pm | Last updated: June 14, 2013 at 11:11 pm
SHARE

തൃശൂര്‍: ജന്മദിനത്തില്‍ ഒമ്പതുകാരനായ മകന് ആഡംബര കാര്‍ ഓടിക്കാന്‍ നല്‍കി കേസില്‍ കുടുങ്ങിയ യുവാവ് വാഹന പരിശോധനക്കിടെ വനിതാ എസ് ഐ യെ കാറില്‍ പൂട്ടിയിട്ടതിന് അറസ്റ്റില്‍. കോടികള്‍ വിലമതിക്കുന്ന കാറുകളുടെ ഉടമ പൂങ്കുന്നം സ്വദേശി അന്തിക്കാട് മുറ്റിച്ചൂര്‍ പടിയം അടക്കാപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാമിനെ(37)യാണ് ഈസ്റ്റ് സി ഐ. ടി ആര്‍ സന്തോഷ്, എസ് ഐ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശക്തന്‍ സ്റ്റാന്‍ഡിന് സമീപം വനിതാ എസ് ഐ ദേവിയുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെയാണ് പുതിയ റോള്‍സ് റോയ്‌സ് കാറുമായി മുഹമ്മദ് നിഷാം അതുവഴി വന്നത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് തട്ടിക്കയറിയ ഇയാള്‍ മറ്റ് പോലീസുകാര്‍ നോക്കിനില്‍ക്കെ എസ് ഐയെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി ലോക്കിട്ടുവെന്ന് പോലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തിയെങ്കിലും കാര്‍ തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല.
വാക്കുതര്‍ക്കം തുടരുന്നതിനിടെ ചില്ല് അല്‍പ്പം താഴ്ത്തിയ ഉടന്‍ പോലീസ് ഉള്ളിലേക്ക് കൈയിട്ട് കാര്‍ ബലമായി തുറപ്പിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചതിനും വനിതാ എസ് ഐ യുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കാറില്‍ പൂട്ടിയിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. വിലപിടിപ്പുള്ള ആഡംബര കാറുകള്‍ സ്വന്തമായുള്ള ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് നാല് കോടി രൂപ വിലയുള്ള ഈ കാര്‍ വാങ്ങിയതത്രേ.
നേരത്തെ ജന്മദിനത്തില്‍ ഒമ്പത് വയസ്സുകാരനായ മകന് ഫെറാരി കാര്‍ ഓടിക്കാന്‍ നല്‍കി കേസില്‍ കുടുങ്ങിയ ആളാണ് നിഷാം.
മകന്‍ കാറോടിക്കുന്നതിന്റെ വീഡിയോ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത് വന്‍ഹിറ്റായതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പേരാമംഗലം പോലീസ് കേസെടുക്കുകയായിരുന്നു. ഇയാളുടെ പേരില്‍ തൃശൂര്‍ ഈസ്റ്റ്, വിയ്യൂര്‍, ചാവക്കാട് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിഷാമിനെ കോടതിയില്‍ ഹാജരാക്കി. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.