20 ലക്ഷം തട്ടിയെന്ന് നടി; സരിത നൃത്തമഭ്യസിക്കാനും ചേര്‍ന്നു

Posted on: June 14, 2013 11:06 pm | Last updated: June 14, 2013 at 11:06 pm
SHARE

ചങ്ങനാശ്ശേരി: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനെതിരെ ചങ്ങനാശ്ശേരി പോലീസില്‍ പരാതി. പ്രമുഖ നര്‍ത്തകിയും സിനിമാ നടിയുമായ ചങ്ങനാശ്ശേരി പുഴവാത് തൃപ്പൂണിത്തുറ ശാലു മേനോനാണ് ഇത് സംബന്ധിച്ച് ബിജുവിനെതിരെ ചങ്ങനാശ്ശേരി സി ഐ നിഷാദ് മോന് പരാതി നല്‍കിയത്. ബിജു തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ശാലു മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പില്‍ അറസ്റ്റിലായ സരിതാ എസ് നായരുടെ ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന ബിജു രാധാകൃഷ്ണന്റെ പേരില്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഒക്ടോബറില്‍ ശാലു മേനോനുമായി പരിചയപ്പെട്ട ബിജു രാധാകൃഷ്ണന്‍ സ്ഥിരമായി ചങ്ങനാശ്ശേരിയിലെ ഇവരുടെ വീട്ടില്‍ വരികയും പുതിയ വീടിന്റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന അവസരമായതിനാല്‍ സൗരോര്‍ജ പ്ലാന്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ആദ്യം 20 ലക്ഷം രൂപ നല്‍കി. പകരം തുകക്കുള്ള ചെക്കും കൈമാറി. വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ മാസത്തോടെ താമസം തുടങ്ങിയെങ്കിലും യഥാസമയം സൗരോര്‍ജ പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയതിന് ശേഷവും ബിജു രാധാകൃഷ്ണന്‍ വീട്ടിലെ സന്ദര്‍ശനം മുടക്കിയതുമില്ല. ചില ഉപകരണങ്ങള്‍ കൂടി ആവശ്യമുള്ളതിനാലാണ് പ്ലാന്റ് നിര്‍മിക്കാന്‍ വൈകുന്നതെന്നും അവ കൂടി ലഭ്യമായാല്‍ ഉടന്‍ പ്ലാന്റ് സ്ഥാപിക്കാമെന്നും ബിജു ഇവരോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഡിസംബറില്‍ സരിതാ എസ് നായര്‍ നൃത്തം അഭ്യസിക്കുന്നതിനായി ശാലു മേനോന്റെ ചങ്ങനാശ്ശേരിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നു. എറണാകുളത്തു നിന്നും പോയിവരുന്നത് ബുദ്ധിമുട്ടായതിനാല്‍ ചെങ്ങന്നൂരില്‍ താമസിച്ച് അവിടെയുള്ള നൃത്തവിദ്യാലയത്തില്‍ വന്നു പഠിച്ചു കൊള്ളാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സരിത ഇവിടെ എത്തിയിരുന്നുവെങ്കിലും രണ്ട് ദിവസം മാത്രമാണ് ഡാന്‍സ് പഠിച്ചത്. പിന്നീട് എന്തോ കാരണത്താല്‍ എത്തിയതുമില്ല. എന്നാല്‍ സരിതാ എസ് നായര്‍ അറസ്റ്റിലാകുകയും തട്ടിപ്പു സംഭവത്തില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെട്ടതായി അറിയുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി തവണ അയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.