മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന് പിണറായി

Posted on: June 14, 2013 4:59 pm | Last updated: June 14, 2013 at 4:59 pm
SHARE

pinarayi

തിരുവനന്തപുരം: കോടികളുടെ സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള കുറ്റകരമായ ബന്ധം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പും ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ കുറ്റവും നടത്തുന്നവരുടെ ആശ്രയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്നാണ് ഇതുവരെ പുറത്തുവന്ന സംഭവഗതികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പൂര്‍ണരൂപം പുറത്തുവരാനും യഥാര്‍ത്ഥ കുറ്റവാളികളെ ആകെ കണ്ടെത്താനും പഴ്‌സണല്‍ സ്റ്റാഫിലെ രണ്ടുപേരെ മാറ്റിനിര്‍ത്തിയതുകൊണ്ടുമാത്രം ആകില്ല. തന്റെ സ്റ്റാഫിലെ രണ്ടുപേരെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതുകൊണ്ടുമാത്രം ഈ പ്രശ്‌നത്തിലെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് അടിക്കടി അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും കേന്ദ്രമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി നാടിനെ ബോധ്യപ്പെടുത്തുന്നതിന് അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.