Connect with us

Wayanad

കാര്‍ഷിക വായ്പ പൂര്‍ണമായും നിലച്ചു; കൃഷിക്കാര്‍ പ്രതിസന്ധിയിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ സഹകരണ മേഖലയില്‍ കാര്‍ഷിക വായ്പാ വിതരണം പൂര്‍ണമായും നിലച്ചു. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് ജില്ലാ സഹകരണ ബേങ്കിലേക്കും അവരില്‍ നിന്ന് പ്രാഥമിക സംഘങ്ങളിലേക്കും മെയ് മാസം മുതല്‍ ഒരു പൈസ പോലും കാര്‍ഷിക വായ്പ ഇനത്തില്‍ എത്തിയില്ല. കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് വായ്പ ഏറ്റവും ആവശ്യമായ ഈ ഘട്ടത്തിലും പണം കിട്ടാതെ ബുദ്ധിമുട്ടിലായവര്‍ വട്ടിപ്പലിശക്കാര്‍ക്ക് പിന്നാലെ പോവുകയാണ്.

നെല്‍കൃഷിയ്ക്ക് തുടക്കം കുറിക്കേണ്ട സമയം ഇതാണ്. വയല്‍ ഉഴുതു കൃഷിയോഗ്യമാക്കാനും വിത്ത് പാകാനും പരമ്പരാഗത കൃഷി രീതികള്‍ ഇപ്പോഴും തുടരുന്നവര്‍ക്ക് കന്നുകളെ വാങ്ങാനുമൊക്കെ പണം ഇപ്പോഴാണ് ഏറ്റവും ആവശ്യം. കാപ്പിയും കുരുമുളകും അടക്കം വയനാടിന്റെ പാരമ്പര്യ കൃഷി രീതികള്‍ പിന്‍തുടരുന്നവര്‍ക്കും പണത്തിന് ഏറ്റവും ചെലവുള്ള സമയവും ഇതുതന്നെയാണ്. കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ ആദ്യ വളപ്രയോഗം നടത്തുന്നത് ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. എല്ലാത്തരം കൃഷിയെടുക്കുന്നവര്‍ക്കും സഹായം ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ സഹകരണ ബേങ്കില്‍ നിന്ന് കാര്‍ഷിക വായ്പ തീര്‍ത്തും ഇല്ലാതായതോടെ മുന്‍പൊക്കെ നിലനിന്നിരുന്ന അവസ്ഥ സംജാതമായി. നാട്ടില്‍ നൂറിന് രണ്ടും മൂന്നും രൂപ പലിശയില്‍ എളുപ്പത്തില്‍ കിട്ടുമായിരുന്ന വട്ടിപ്പലിശക്കാര്‍ക്ക് പിന്നാലെ കര്‍ഷകര്‍ പരക്കം പാഞ്ഞുതുടങ്ങി. മേലില്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യേണ്ടതില്ലെന്ന കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്തരവ് വയനാടന്‍ കൃഷി മേഖലയ്ക്ക് വലിയ പ്രഹരമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്ന ജില്ലകളിലൊന്നാണ് വയനാട്. ഈ ജില്ലയില്‍ ബാങ്കുകള്‍ വിതരണം ചെയ്യുന്ന കാര്‍ഷിക വായ്പയില്‍ മുപ്പത് ശതമാനത്തോളം സഹകരണ മേഖലയിലാണ്. ഇടത്തരക്കാര്‍ മുതല്‍ മുകളിലേക്കുള്ള കര്‍ഷകരാണ് പ്രധാനമായും കാര്‍ഷിക വായ്പക്ക് ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകളെ ആശ്രയിക്കുന്നത്. ചെറുകട-നാമമാത്ര കര്‍ഷകരില്‍ 80 ശതമാനം പേരും കാര്‍ഷിക വായ്പയ്ക്കായി ആശ്രയിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെയാണ്.
പത്ത് ശതമാനത്തോളം പേര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളെയും. ഈ ഗണത്തില്‍പ്പെട്ട പത്ത് ശതമാനം പേര്‍ മാത്രമാണ് ദേശസാല്‍കൃത ബാങ്കുകളില്‍ കാര്‍ഷിക വായ്പക്കായി എത്തുന്നത്. ഇതില്‍ തന്നെ ഏറെയും ഗ്രാമീണ ബാങ്കുകളുമായാണ് വായ്പാ ഇടപാട്. മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്ക് കാര്‍ഷിക വായ്പക്കായി പോവുന്നവരുടെ എണ്ണം വളരെ കുറവാണ്. അന്‍പതിനായിരവും ഒരുലക്ഷവുമൊക്കെ കാര്‍ഷിക വായ്പയായി അനുവദിക്കാന്‍ ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ വലിയ താല്‍പര്യമെടുക്കാറില്ല. അവര്‍ തിരിച്ചടവ് ശേഷി നോക്കി വന്‍കിട-ഇടത്തരം കര്‍ഷകരെയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ എസ് ബി ഐയുടെ കാര്‍ഷിക ശാഖകള്‍ മാത്രമാണ് വേറിട്ടുനില്‍ക്കുന്നത്. കാര്‍ഷിക വായ്പക്കാരുടെ എണ്ണമെടുത്താന്‍ ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സഹകരണ ബാങ്കിന്റെ അടുത്തൊന്നും എത്തില്ല. സഹകരണ ബാങ്ക് അര ലക്ഷം മുതല്‍ രണ്ടും മൂന്നും ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ നൂറ് പേര്‍ക്കായി അനുവദിക്കുമ്പോള്‍ ഇത്രത്തോളം തുക പത്തോപതിനഞ്ചോ പേര്‍ക്ക് മാത്രം ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. സാധരണക്കാര്‍ പ്രാഥമിക സഹകരണ ബാങ്കുകളെ എത്രത്തോളം ആശ്രയിക്കുന്നുവെന്നതിന് ഈ കണക്ക് തന്നെ മതിയായ തെളിവാണ്. മഴ പെയ്ത് കാര്‍ഷിക ജോലികള്‍ ആരംഭിക്കുന്നതോടെ ചെറുകിട-നാമമാത്ര കര്‍ഷകരെല്ലാം കാര്‍ഷിക വായ്പക്കായി സഹകരണ ബാങ്കിലും ഗ്രാമീണ ബാങ്കുകളിലും എത്തും. നേരത്തെ എടുത്തിട്ടുള്ള വായ്പയില്‍ പുതിയ നികുതിശീട്ട് മാത്രം ഹാജകരാക്കിയാണ് മിക്കപേരും കടം പുതുക്കുന്നത്.
നടപടിക്രമങ്ങള്‍ ഏറെയൊന്നും ഇല്ലാത്തതും ഇടപാടുകാരുമായുള്ള ബാങ്കിന്റെ ബന്ധവും സഹകരണ ബാങ്കിലേക്ക് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നു. 2010-11 സാമ്പത്തിക വര്‍ഷം ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 53.25 കോടി രൂപ അനുവദിച്ചപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ അവരുടെ തനത് ഫണ്ട് കൂടി ഉപയോഗപ്പെടുത്തി വിതരണം ചെയ്ത കാര്‍ഷിക വായ്പ 66.62 കോടി രൂപയാണ്. 2011-12 വര്‍ഷത്തില്‍ ജില്ലാ സഹകരണ ബാങ്ക് അനുവദിച്ച കാര്‍ഷിക വായ്പ 57.2 കോടിയും പ്രാധമിക സംഘങ്ങള്‍ വിതരണം ചെയ്ത വായ്പ 60.62 കോടി രൂപയുമാണ്. 2012-13 വര്‍ഷം ജില്ലാ സഹകരണ ബേങ്ക് 63.61 കോടി രൂപ അനുവദിച്ചപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ വിതരണം ചെയ്ത കാര്‍ഷിക വായ്പ 89.2 കോടിയാണ്.
പ്രാഥമിക സംഘങ്ങള്‍ മൊത്തം വിതരണം ചെയ്ത വായ്പയില്‍ 80 ശതമാനം കാര്‍ഷിക വായ്പയായിരിക്കണമെന്നായിരുന്നു മുന്‍പ് നബാര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശമെല്ലാം തകിടം മറിക്കുന്നതാണ് പ്രകാശ് ബക്ഷി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ്. പ്രാഥമിക സഹകരണ ബേങ്കുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് മാത്രമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന പ്രകാശ് ബക്ഷി റിപ്പോര്‍ട്ട് സഹകരണ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ്.