അധികൃതരുടെ അനാസ്ഥ; മുക്കത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു

Posted on: June 14, 2013 11:53 am | Last updated: June 14, 2013 at 11:53 am
SHARE

മുക്കം: കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും മുക്കത്തെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധികൃതര്‍ തയ്യാറായില്ല. ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ മൂലമുള്ള രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടും ഈ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളും ആരോഗ്യ വകുപ്പധികൃതരും നിരുത്തരവാദപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. ജില്ലയിലെ ആദ്യ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത് മുക്കം ഗ്രാമപഞ്ചായത്തിലെ മണാശ്ശേരിയിലാണ്. കഴിഞ്ഞ വര്‍ഷക്കാലത്ത് മുക്കത്തിനടുത്ത് വെണ്ണക്കോട്ടും കൊടിയത്തൂരിലും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഞ്ഞപ്പിത്തം കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം ഗ്രാമപഞ്ചായത്തുകളില്‍ പടര്‍ന്നുപിടിച്ചിട്ടും മുക്കം ടൗണിലും ഗ്രാമപ്രദേശങ്ങളിലും മാസങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അധികൃതര്‍ സന്നദ്ധമായിട്ടില്ല. മഴക്കാലത്ത് ജലജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നത് തടയാന്‍ കൊതുക് നശീകരണവും പരിസര ശുചീകരണവും നടത്താന്‍ ആരോഗ്യ വകുപ്പധികൃതര്‍ മഴക്കാലത്തിന് മുമ്പേ നിര്‍ദേശം നല്‍കിയെങ്കിലും മിക്ക സ്ഥലങ്ങളിലും ഇത് നടന്നില്ല. മുക്കം ഗ്രാമപഞ്ചായത്ത് ഓഫീസിന് പിറകില്‍ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം പോലും നീക്കം ചെയ്യാനായിട്ടില്ല. മുക്കം പാലം, വെന്റ് പൈപ്പ് പാലം, മത്സ്യമാര്‍ക്കറ്റ്, ഓടത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രൂക്ഷഗന്ധം വമിച്ചിട്ടും മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാംസ, മത്സ്യ, പച്ചക്കറി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടങ്ങളില്‍ തള്ളുന്നത്. മുക്കത്തിന് പുറമെ പരിസരങ്ങളില്‍ നിന്നുകൂടി കോഴിവേസ്റ്റുകളടക്കം പാലത്തിന് ചുവട്ടില്‍ തള്ളുന്നുണ്ട്. പുഴയിലേക്കുള്ള ഓടകളുടെ ശുചീകരണവും നടത്തിയിട്ടില്ല. മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നത് മൂലം ഇരുവഞ്ഞിപ്പുഴയും മലിനമയമാണ്.
മഴക്കാല പൂര്‍വ ശുചീകരണ ഫണ്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ല. ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ യോഗങ്ങള്‍ നടന്നെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ താഴേത്തട്ടിലെത്തിക്കാനോ ഫലപ്രദമായി നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. എലി നശീകരണം, രോഗ പ്രതിരോധങ്ങള്‍ക്ക് ഫോഗിംഗ് എന്നിവക്കും നിര്‍ദേശമുണ്ടായിരുന്നു.