Connect with us

Kozhikode

പനി: 17,296 പേര്‍ ചികിത്സ തേടിയെത്തി

Published

|

Last Updated

കോഴിക്കോട് :പനി നിയന്ത്രിക്കാനായുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലം കാണുന്നില്ല. ഇന്നലെ ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 17,296 പേര്‍ ചികിത്സ തേടിയെത്തി. ഇതില്‍ പനിബാധിച്ചു ചികിത്സ തേടിയെത്തിയവരുടെ എണ്ണം 886 ആണ്. ജില്ലയില്‍ 13 പേര്‍ക്ക് എച്ച്1 എന്‍1 രോഗബാധയുള്ളതായി സംശയമുണ്ട്. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആറ് പേര്‍ക്ക് അഞ്ചാംപനിയും ഒരാള്‍ക്കു മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്തു നിന്ന് എത്തിയ മലാപ്പറമ്പ് സ്വദേശിക്കാണ് മലേറിയ ബാധയുള്ളത്.
ഇന്നലെ ചികിത്സ തേടിയെത്തിയവരില്‍ 29 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചികിത്സ തേടിയെത്തിയവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് 16 പേരും വയറിളക്കം ബാധിച്ച് 136 പേരും ഇന്നലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തി. ഇതില്‍ ആറ് പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പനി നിയന്ത്രിക്കാനായി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനിടയിലും പനി പടര്‍ന്നുപിടിക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.