Connect with us

Kerala

സോളാര്‍ പാനല്‍ തട്ടിപ്പ്: മുഖ്യമന്തിയുടെ ഓഫീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട് ജിക്കു ജേക്കബും സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ സരിതയുമായി ബന്ധപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫംഗം ടോന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവരെ പുറത്താക്കിയിരുന്നു.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോവുമ്പോള്‍ തോമസ് കുരുവിളയാണ് സഹായങ്ങള്‍ ചെയ്യാറുള്ളത്. ഇയാളെയും സരിത ഫോണില്‍ വിളിച്ചിട്ടുണ്ട്.  മന്ത്രിമാരായ എ കെ മുനീര്‍, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ് എന്നിവരേയും സരിത എസ് നായര്‍ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്.

ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയ കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും തൃപ്തികരമല്ല എന്ന് പറഞ്ഞ് സഭ ബഹിഷ്‌കരിച്ചു.

സഭയില്‍ നിന്ന് ഇറങ്ങിപ്പോവുമ്പോള്‍ പ്രസംഗിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എഡിജിപിയുടെ അന്വേഷണം പോര എന്ന് പറഞ്ഞു. ഇതിന്റെ പിന്നില്‍ ഗൂഡാലോചനകളുണ്ട്. ഇത് വെളിച്ചത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ ഇവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും അതിന് പോലീസാണ് അന്വേഷണം നടത്തേണ്ടതെന്നും ജൂഡീഷ്യല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസിലുള്‍പ്പെട്ട ഗണ്‍മാന്‍ അടക്കമുള്ള സര്‍ക്കാര്‍ സര്‍വ്വീസിലുള്ള പ്രതികള്‍ക്കെതിരായ നടപടി സര്‍വ്വീസ് ചട്ടങ്ങള്‍ പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സരിതയെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന പി സി ജോര്‍ജ്ജിന്റെ വാദം ആഭ്യന്തര മന്ത്രി തള്ളി. സരിതയെ കുറിച്ചുള്ള ആരോപണം പുറത്തുവന്നതിന് ശേഷമാണ് ജോര്‍ജ്ജ് മുഖ്യമന്ത്രിയോട് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സരിതയെ പെരുമ്പാവൂര്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലുള്ള ഒരാളുടെ പക്കലില്‍ നിന്ന് 40 ലക്ഷം തട്ടിയ കേസിലാണ് സരിതയെ അറസ്റ്റ ചെയ്തത്.

Latest