സൈന്യത്തിന്റെ രഹസ്യ കത്ത് കാണാതായി

Posted on: June 14, 2013 8:45 am | Last updated: June 14, 2013 at 8:46 am
SHARE

letter

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസത്തെയും നടപടിക്രമങ്ങളെയും സംബന്ധിച്ച രഹസ്യ കത്ത് കാണാതായി. തേസ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാലാം സൈനിക വിഭാഗം, രാംഗിയയിലെ 21 പര്‍വത വിഭാഗത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കത്താണ് സ്വീകരിച്ച് ഒരു ആഴ്ചക്കുള്ളില്‍ കാണാതായത്. കത്ത് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
സംഭവത്തിന് ഉത്തരവാദികളായ ആറ് സൈനികര്‍ക്കെതിരെ സൈനിക കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അച്ചടക്ക നടപടിക്ക് വിധേയരാക്കും. ജനറല്‍ വി കെ സിംഗ് സൈനിക മേധാവിയായിരുന്നപ്പോഴാണ് സംഭവം. സംഭവം നടക്കുമ്പോള്‍ 21 പര്‍വത വിഭാഗത്തിന്റെ കമാന്‍ഡര്‍, മേജര്‍ ജനറല്‍ എന്‍ എസ് ഘേയ് ആയിരുന്നു. അദ്ദേഹമിപ്പോള്‍ ലഫ്റ്റനന്റ് ജനറല്‍ പദവിയില്‍ പാക് അതിര്‍ത്തിയിലെ ഭട്ടിന്‍ഡ 10 വിഭാഗത്തിന്റെ ചുമതല വഹിക്കുകയാണ്.
അതേസമയം, കത്ത് കാണാതായതിനെ സംബന്ധിച്ച് സൈനിക മേധാവികള്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നോയെന്നത് വ്യക്തമല്ല. ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇവിടെ 90,000 സൈനികരെ കൂടുതല്‍ വിന്യസിക്കും.