ഗ്രീസില്‍ വ്യാപക പ്രതിഷേധം

Posted on: June 14, 2013 8:35 am | Last updated: June 14, 2013 at 8:35 am
SHARE

greeceഏതന്‍സ്: ഔദ്യോഗിക ടി വി ചാനലുകളും റേഡിയോയും ഉള്‍പ്പെടുന്ന പൊതു പ്രക്ഷേപണ കേന്ദ്രം അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ഗ്രീസില്‍ ശക്തമായ പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ഗ്രീസ് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഔദ്യോഗിക പ്രക്ഷേപണ വിഭാഗമായ ഇ ആര്‍ ടി അടച്ചുപൂട്ടിയത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ രാജ്യവ്യാപകമായി അടച്ചിട്ടു. ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. അടിയന്തര കേസുകള്‍ മാത്രമാണ് ആശുപത്രികളില്‍ എടുത്തത്.
പണിമുടക്കിനോട് ആഭിമുഖ്യം പുലര്‍ത്തി വ്യോമയാന വിഭാഗം ജീവനക്കാരും രണ്ട് മണിക്കൂര്‍ ജോലി നിര്‍ത്തിവെച്ചു. ടി വി, റേഡിയോ വിഭാഗത്തിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്വകാര്യ ടി വി ചാനലുകളിലെ പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗ്രീസിലെ സഖ്യ സര്‍ക്കാറിന് പിന്തുണ നല്‍കുന്ന മധ്യ ഇടതുപക്ഷ പാര്‍ട്ടികളും ഇ ആര്‍ ടി അടച്ചുപൂട്ടാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഖ്യകക്ഷി നേതാക്കളുമായി പ്രധാനമന്ത്രി അന്റോണിയോസ് സമാരസ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മറ്റ് ഗതാഗത സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
75 വര്‍ഷത്തെ പാരമ്പര്യമുള്ള പൊതു വാര്‍ത്താ പ്രക്ഷേപണ കേന്ദ്രം അടച്ചുപൂട്ടാന്‍ ചൊവ്വാഴ്ച വൈകീട്ടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് ടി വി ചാനലുകളും ഏഴ് ദേശീയ റേഡിയോ സ്റ്റേഷനുകളും 19 പ്രാദേശിക സ്റ്റേഷനുകളും ഇ ആര്‍ ടിക്ക് കീഴിലുണ്ട്. 2500ലേറെ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇ ആര്‍ ടി പാഴ്‌ചെലവാണെന്നാണ് മുന്‍ പത്രപ്രവര്‍ത്തകനും സര്‍ക്കാര്‍ വക്താവുമായ സിമസ് പറഞ്ഞത്. കെടുകാര്യസ്ഥതയാണ് ഇ ആര്‍ ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) ഉള്‍പ്പെടെയുള്ളവയുടെ നിര്‍ദേശപ്രകാരമാണ് ഇ ആര്‍ ടി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.