ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ച് എന്‍ എസ് എ

Posted on: June 14, 2013 8:28 am | Last updated: June 14, 2013 at 8:28 am
SHARE

keith alexander

വാഷിംഗ്ടണ്‍: വ്യക്തികളുടെ ഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റ് രേഖകളും വ്യാപകമായി ചോര്‍ത്തിയതിനെ ന്യായീകരിച്ച് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ). വ്യാപകമായി ഫോണ്‍ സംഭാഷണങ്ങളും ഇന്റര്‍നെറ്റും ചോര്‍ത്തിയത് വഴി രാജ്യത്തിന് നേരെയുള്ള നിരവധി ആക്രമണങ്ങള്‍ തടയാന്‍ സാധിച്ചതായി എന്‍ എസ് എ മേധാവിയായ ജനറല്‍ കെയ്ത് അലക്‌സാണ്ടര്‍ പറഞ്ഞു. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സെനറ്റില്‍ മറുപടി പറയുന്നതിനിടെയാണ് എന്‍ എസ് എയുടെ പദ്ധതിയെ കെയ്ത് ന്യായീകരിച്ചത്. ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തിയിട്ടുണ്ടെന്ന് ഇതാദ്യമായാണ് എന്‍ എസ് എ പരസ്യമായി സമ്മതിക്കുന്നത്. അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യതകളെ ഹനിക്കുന്ന രീതിയിലുള്ള നടപടികള്‍ എന്‍ എസ് എ എടുത്തിട്ടില്ലെന്ന് കെയ്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
അമേരിക്കന്‍ പൗരന്മാരുടെയും വിദേശികളുടെയും ഉള്‍പ്പെടെ നിരവധി ഫോണുകള്‍ എന്‍ എസ് എ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഗാര്‍ഡിയന്‍ പത്രമാണ് പുറത്തുകൊണ്ടുവന്നത്. അതേസമയം, ഫോണ്‍ ചോര്‍ത്തിലിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയ സി ഐ എ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡെന്‍ ഒളിവിലാണ്. തന്റെ വിധി നിര്‍ണയിക്കാന്‍ ഹോങ്കോംഗിലെ കോടതിയോടും ജനങ്ങളോടും സ്‌നോഡെന്‍ ആവശ്യപ്പെട്ടു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.