Connect with us

Editorial

ഹജ്ജ് ക്വാട്ട: വെട്ടിക്കുറവ് ഉയര്‍ത്തുന്ന ആശങ്കകള്‍

Published

|

Last Updated

ഹറം വികസനം നടക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളുടെ 20 ശതമാനം ഹജ്ജ് ക്വാട്ട കുറക്കാനുള്ള സഊദി സര്‍ക്കാറിന്റെ തീരുമാനം ഈ വര്‍ഷം ഹജ്ജിനായി ഒരുങ്ങുന്ന തീര്‍ഥാടകരില്‍ ആശങ്ക പരത്തുകയാണ്. ഇതുപ്രകാരം ഇന്ത്യക്ക് അനുവദിച്ച 1.75 ലക്ഷം സീറ്റുകളില്‍ 34,000 ഓളം കുറയും. ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് സഊദിയുടെ പുതിയ തീരുമാനം. ഇന്ത്യയില്‍ അപേക്ഷകര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന നിലക്ക് കേരളത്തിനാണ് സഊദി സര്‍ക്കാറിന്റെ തീരുമാനം ഏറെ പ്രയാസം സൃഷ്ടിക്കുക. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ 8241 സീറ്റ് ലഭിച്ച കേരളത്തില്‍ 1648 പേര്‍ക്ക് ഇത്തവണ അവസരം നഷ്ടമാകും.

ഹറം വിപുലീകരണം സമയബന്ധിതമായി തീര്‍ക്കണമെങ്കില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന ഹറം വികസന ഉന്നതതല സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സഊദി ഭരണകൂടത്തിന്റെ ഈ തീരുമാനം. വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ മാത്രമല്ല, ആഭ്യന്തര തീര്‍ഥാടകരില്‍ 50 ശതമാനവും വെട്ടിക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്വാട്ട കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് സഊദി ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമായ ഈ നിയമം ഇന്ത്യയുടെ കാര്യത്തില്‍ മാത്രം മാറ്റം വരുത്തുക പ്രയാസം. ഹജ്ജ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും, അനുമതി ലഭിച്ചവര്‍ ആദ്യ ഗഡു പണമടച്ച് എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിവരികയും ചെയ്യവെ പുതിയ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നത് അധികൃതരെ കുഴക്കുന്ന പ്രശ്‌നമാണ്. 1,25,02 പേരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഇവര്‍ക്ക് മുഴുവന്‍ അവസരം നല്‍കണമെങ്കില്‍ സ്വകാര്യ ഗ്രൂപ്പിന് അനുവദിച്ച 4500 ക്വാട്ടയില്‍ വെട്ടിക്കുറവ് വരുത്തേണ്ടി വരും. തുടര്‍ച്ചയായി നാലു വര്‍ഷം അപേക്ഷിച്ചവര്‍ക്കും എഴുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ഇവരുടെ നീണ്ട കാലത്തെ കാത്തിരിപ്പും ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതും പരിഗണിച്ചു ക്വാട്ടയിലുണ്ടായ കുറവ് സ്വകാര്യ ഗ്രൂപ്പുകളില്‍ നിന്ന് കണ്ടെത്തണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ പറയുന്നത്. ഈ ആവശ്യവുമായി ഹജ്ജ്കാര്യ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

മിക്ക സ്വകാര്യ ഗ്രൂപ്പുകാരും ആളുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും അവരില്‍ നിന്ന് ആദ്യഗഡു സ്വീകരിക്കുകയും ചെയ്തവരാണെന്നിരിക്കെ വെട്ടിക്കുറവ് അവര്‍ക്കും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ക്വാട്ടയുടെ എണ്ണത്തിന് ആനുപാതികമായി വെട്ടിക്കുറവ് രണ്ട് വിഭാഗത്തിനും ബാധകമാക്കുക എന്നതാണ് അവശേഷിക്കുന്ന മാര്‍ഗം. ഇങ്ങനെ വെട്ടിക്കുറവ് വരുത്തുന്നവരില്‍ റിസര്‍വ് കാറ്റഗറിയക്കാരെ ഉള്‍പ്പെടുത്തണമോ എന്നതും പ്രശ്‌നമാണ്. 6983 വരും റിസര്‍വ് കാറ്റഗറിക്കാര്‍.
ഹജ്ജ് അപേക്ഷകരുടെ എണ്ണം വര്‍ഷം തോറും കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചു വരികയാണ്. ഈ വര്‍ഷത്തെ അപേക്ഷകര്‍ 44,419 വരും. ഇവരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ബാക്കി 80 ശതമാനത്തോളം അവസരത്തിനുള്ള കാത്തിരിപ്പിലാണ്. മറ്റു പല സംസഥാനങ്ങളിലും ക്വാട്ടക്കനുസരിച്ച് അപേക്ഷകരില്ലാത്ത അവസ്ഥയുമാണ്. ഈ വസ്തുതകള്‍ പരിഗണിച്ച് വെട്ടിക്കുറവില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ന്യായമായും പരിഗണിക്കേണ്ടതാണ്.

ഹറം വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യനഗരികളില്‍ താമസിക്കാവുന്ന കാലയളവിലും സഊദി ഭരണകൂടം കുറവ് വരുത്തിയിട്ടുണ്ട്. ഉംറ തീര്‍ഥാടകര്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ഹറമില്‍ തങ്ങരുതെന്നാണ് പുതിയ ഉത്തരവ്. നേരത്തെ ഒരു മാസം വരെ തങ്ങാന്‍ അനുമതിയുണ്ടായിരുന്നു. കാലയവളവ് കുറച്ചത് റമസാന്‍ മുഴുവനായും ഹറമില്‍ തങ്ങാനുള്ള ആഗ്രഹത്തോടെ യാത്രതിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം ഏകദേശം നാല്‍പത് ലക്ഷം ഉംറ വിസകളാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഉംറ വിസയുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടില്ലെന്നും തിരക്ക് ഒഴിവാക്കുന്നതിനും ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനുമായിസമയപരിധിയില്‍ കര്‍ക്കശ നിയന്ത്രണം വരുത്തുക മാത്രമാണ് ചെയ്തതെന്നും സഊദി ഹജ്ജ് കാര്യ മന്ത്രി ഡോ. ബന്ദര്‍ ഹജ്ജാര്‍ അറിയിച്ചിട്ടുണ്ട്. വിശുദ്ധ ഹറമുകളിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവാഹം വര്‍ധിച്ചുകൊണ്ടിരിക്കെ ഭരണകൂടത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരിക സ്വാഭാവികമാണ്. അവരുടെ പരിമിതികളും പ്രയാസങ്ങളും കണ്ടറിഞ്ഞു നിയന്ത്രണങ്ങളുമായി സഹകരിക്കാന്‍ തീര്‍ഥാടകര്‍ ബാധ്യസ്ഥരാണ്.

Latest