Connect with us

Kerala

ഹജ്ജ്: അവസരം ലഭിച്ചവരെ ഒഴിവാക്കരുത്: ഹജ്ജ് കമ്മിറ്റി

Published

|

Last Updated

കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണം 20 ശതമാനം വെട്ടിക്കുറക്കണമെന്ന സഊദി ഭരണകൂടത്തിന്റെ നിര്‍ദേശത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വിദേശകാര്യ വകുപ്പ് എന്നിവയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാരുള്ള കേരളത്തില്‍ നിന്നുള്ളവരെ ഇതു യാതൊരു വിധത്തിലും ബാധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നടത്തിപ്പിനായി ഹജ്ജ് കമ്മിറ്റി മെമ്പര്‍മാര്‍ കണ്‍വീനര്‍മാരായി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മെമ്പര്‍മാര്‍ക്കുള്ള ചുമതലകള്‍: സി പി സൈതലവി മാസ്റ്റര്‍ (അക്കമഡേഷന്‍), സി ബി അബ്ദുല്ല (റിസപ് ഷന്‍), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞു മൗലവി (തസ്‌കിയത്ത്), ഉവൈസ് ഹാജി (ഭക്ഷണം), മുഹമ്മദുണ്ണി ഹാജി എം എല്‍ എ (ലൈറ്റ്, സൗണ്ട്), എ കെ അബ്ദുര്‍റഹ്മാന്‍ (ഗതാഗതം, വളണ്ടിയര്‍). ഹജ്ജ് ഹൗസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും
ഇന്നലെ കരിപ്പൂര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, സി ബി അബ്ദുല്ല, മമ്മദ് മോന്‍ ഹാജി, വി കെ അലി, അബ്ദുല്ലക്കോയ മദനി, എ കെ അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.

ഹാജിമാര്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ നല്‍കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനു തിരഞ്ഞെടുത്ത ഹാജിമാര്‍ക്ക് അവരുടെ ലഗേജുകളില്‍ പതിക്കുന്നതിന് പ്രത്യക സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. ഈ സ്റ്റിക്കറുകള്‍ പതിച്ച ലഗേജുകള്‍ മാത്രമേ ഹജ്ജ് ക്യാമ്പില്‍ സ്വീകരിക്കുകയുള്ളൂ. ഹജ്ജ് ക്ലാസുകളില്‍ വെച്ച് സ്റ്റിക്കറുകള്‍ ഹാജിമാര്‍ക്ക് വിതരണം ചെയ്യും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്തംബര്‍ 24ന് പുറപ്പെടും

ഹജ്ജ്: സാങ്കേതിക പഠന ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം നാളെ

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ് നാളെ മുതല്‍ ആരംഭിക്കും. ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ നാളെ മലപ്പുറത്ത് നിര്‍വഹിക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠന ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ഹാജിമാര്‍ അവരവരുടെ പ്രദേശത്ത് നടക്കുന്ന ക്ലാസിലാണ് പങ്കെടുക്കേണ്ടത്.
വിവിധ ജില്ലകളില്‍ നടക്കുന്ന ഉദ്ഘാടനത്തിന്റെ തീയതി: മലപ്പുറം ഈ മാസം 15, കോഴിക്കോട് 17, തൃശൂര്‍- പാലക്കാട് 18, കണ്ണൂര്‍- കാസര്‍കോട് 19, വയനാട് 20, എറണാകുളം- ആലപ്പുഴ 23, കൊല്ലം – തിരുവനന്തപുരം 30, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജൂലൈ 1.