Connect with us

Kerala

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം: സന്നദ്ധ രക്തദാതാക്കളുടെ എണ്ണം കുറയുന്നു

Published

|

Last Updated

തിരുവനന്തപുരം: ഓരോ രക്തദാനവും ജീവദാനമാണെന്ന സന്ദേശവുമായി ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തം ദാനം ചെയ്യൂ ജീവിതം വരദാനമായി നല്‍കൂ എന്നതാണ് ലോക രക്തദാത ദിനത്തിന്റെ പത്താം വാര്‍ഷികമായ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. രക്തം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല വര്‍ഷങ്ങളോളം ആരോഗ്യകരമായി ജീവിക്കാനുള്ള ശക്തികൂടിയാണ് ദാതാവ് നേടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ സന്നദ്ധ രക്തദാതാക്കളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് സന്നദ്ധ രക്തദാതാക്കളുടെ എണ്ണം കുറവാണ്. കേരളത്തില്‍ സന്നദ്ധ രക്ത ദാതാക്കളില്‍ നിന്ന് ലഭിക്കുന്നത് 83 ശതമാനമാകുമ്പോള്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ത്രിപുര, ഗുജറാത്ത് എന്നിവിടങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് ലഭിക്കുന്നത്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ഏതാണ്ട് 62 രാജ്യങ്ങളില്‍ മാത്രമാണ് സന്നദ്ധ രക്തദാനത്തിലൂടെ രക്തത്തിന്റെ ആവശ്യകത നൂറ് ശതമാനവും നിറവേറ്റപ്പെടുന്നത്. 2020 ഓടെ എല്ലാ രാജ്യങ്ങളിലും ഈ നേട്ടം കൈവരിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. കേരളത്തില്‍ രക്ത ബേങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ഒരു ശീതീകരിച്ച ബസും സന്നദ്ധ രക്തദാതാക്കളില്‍ നിന്ന് രക്ത ശേഖരണം നടത്തുന്നുണ്ട്.

 

Latest