സ്‌കൂളുകളില്‍ ഈ വര്‍ഷം 1.34 ലക്ഷം വിദ്യാര്‍ഥികള്‍ കുറഞ്ഞു

Posted on: June 14, 2013 6:00 am | Last updated: June 14, 2013 at 1:58 am
SHARE

Indian-school-children-006തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാറേതര വ്യത്യാസമില്ലാതെ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,34,673 കുട്ടികളുടെ കുറവ്. ആറാം പ്രവൃത്തി ദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കെടുപ്പുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി വ്യക്തമായത്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം 38,51,115 വിദ്യാര്‍ഥികളാണ് പഠിക്കുന്നതെന്നാണ് യു ഐ ഡി (ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്) പ്രകാരം ലഭിച്ച കണക്കുകള്‍. ഇതില്‍ 12,00594 കുട്ടികള്‍ സര്‍ക്കാര്‍ മേഖലയിലും 23,16,485 കുട്ടികള്‍ എയ്ഡഡ് മേഖലയിലും 3,64,528 കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലുമാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 39,85,788 കുട്ടികളാണുണ്ടായിരുന്നത്. കഴിഞ്ഞവ ര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 30,092 വിദ്യാര്‍ഥികളുടെ കുറവുണ്ടായപ്പോള്‍ എയ്ഡഡ് മേഖലയില്‍ 94,236 കുട്ടികളുടെയും അണ്‍ എയ്ഡഡ് മേഖലയില്‍ 10,347 കുട്ടികളുടെയും കുറവുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അധ്യയന വര്‍ഷം മൂന്നര ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയത്.

എന്നാല്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ ക്ലാസുകളില്‍ 52,600 കുട്ടികളുടെ വര്‍ധനവുണ്ടായതായാണ് കണക്ക്.