ദാരിദ്ര്യം, യാത്രാക്ലേശം; മുപ്പതിനായിരത്തില്‍പ്പരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു

Posted on: June 14, 2013 6:00 am | Last updated: June 14, 2013 at 1:54 am
SHARE

studentsകണ്ണൂര്‍: സംസ്ഥാനത്തെ വിവിധ ഊരുകളില്‍ നിന്ന് സാമ്പത്തിക പരാധീനതമൂലവും യാത്രാ സൗകര്യമില്ലായ്മയെത്തുടര്‍ന്നും പഠനം ഉപേക്ഷിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെയെണ്ണം കൂടുന്നു. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിഭാഗങ്ങളില്‍ പഠനം നടത്തുന്നവരാണ് വിവിധ കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കുന്നത്. ഇവരില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനമൊഴിവാക്കുന്നതിന്റെ പ്രധാന കാരണം വീടുകളിലെ പ്രതികൂല സാഹചര്യങ്ങളും കുടുംബത്തിലെ ദാരിദ്ര്യവുമാണെന്ന് ഇതു സംബന്ധിച്ച സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

പട്ടികവര്‍ഗ മേഖലയില്‍ ‘കില’ ഏറ്റവുമൊടുവില്‍ നടത്തിയ പഠനപ്രകാരം 33,215 കുട്ടികളാണ് പഠനമുപേക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 1,00,912 പട്ടികവര്‍ഗ കുടുംബങ്ങളില്‍ ദാരിദ്ര്യം മൂലം മാത്രം പഠനം നിര്‍ത്തേണ്ടി വന്നത് 5,530 കുട്ടികള്‍ക്കാണ്. പ്രൈമറി തലത്തില്‍ 1,530ഉം സെക്കന്‍ഡറി തലത്തില്‍ 2,908 കുട്ടികളും ഇതിലുള്‍പ്പെടും. സ്ഥാപനത്തിലേക്കുള്ള ദുര്‍ഘടമായ യാത്രമൂലവും ഊരില്‍നിന്ന് വളരെ അകലെ സ്ഥാപനം സ്ഥിതിചെയ്യുന്നതിനാലും പഠനമൊഴിവാക്കിയവരുടെ എണ്ണം 5,000ത്തിലധികം വരും. വീട്ടിലെ മറ്റ് പ്രതികൂല സാഹചര്യങ്ങളാല്‍ പഠനം നിര്‍ത്തിയത് 8,266ഓളം കുട്ടികളാണ്. ഇതില്‍ പ്രൈമറി ക്ലാസിലുള്ള 6,,052 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടും. ചെറുപ്പത്തിലേ വിവാഹം കഴിക്കേണ്ടിവന്നതിനാല്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കാത്ത 828 വിദ്യാര്‍ഥികളെങ്കിലും പഠനം നിര്‍ത്തിയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ വര്‍ഷം കൂടുന്തോറും ഈ കണക്കുകളില്‍ വലിയ വ്യത്യാസമില്ലെന്ന് പട്ടികവര്‍ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തമാക്കുന്നു. പട്ടികവര്‍ഗ വിഭാഗക്കാരുടെ സാക്ഷരതാ നിലവാരം വളരെ താഴെയാണെന്ന് നേരത്തെതന്നെ കണക്കാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം നിരക്ഷരരായ 98,536 പട്ടികവര്‍ഗക്കാര്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ‘ചോലനായി’ക്കന്‍ സമുദായത്തിന്റെ സാക്ഷരത കേവലം 47 ശതമാനത്തില്‍ താഴെയാണെന്നും കിലയുടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികവര്‍ഗക്കാരില്‍ സാക്ഷരരായിട്ടുള്ളവരില്‍ പകുതിയോളം പേരുടെയും വിദ്യാഭ്യാസ നിലവാരം പ്രൈമറിതലം വരെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഈ അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘ഗോത്രസാരഥി’ പദ്ധതി യാത്രാസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തുണയായേക്കും. മൂന്ന് കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കോളനികളിലുമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്താന്‍ വാഹനസൗകര്യം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കോളനിയില്‍ നിന്ന് അഞ്ചില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓട്ടോറിക്ഷകളിലും അതില്‍ക്കൂടുതല്‍ കുട്ടികളുടെ പ്രദേശത്ത് നിന്ന് മറ്റു വാഹനങ്ങളിലും വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്നതാണ് പദ്ധതി. അതാത് സ്‌കൂളുകളിലെ പി ടി എ കമ്മിറ്റികള്‍ വഴിയാണ് ഇതിന് സംവിധാനമൊരുക്കുക. പഠനം നിലച്ച ആറായിരം കുട്ടികളെയുള്‍പ്പെടെ ആയിരക്കണക്കിന് കുട്ടികളെ സ്‌കൂളുകളിലെത്തിക്കാന്‍ ഈ പദ്ധതി പ്രകാരം കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.