Connect with us

Kerala

678 പ്ലസ്ടു ബാച്ചുകള്‍ക്ക് വിജ്ഞാപനമായി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 148 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുള്‍പ്പെടെ 678 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. നിലവില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്ലാത്ത 148 പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്തും. ഓരോ പഞ്ചായത്തിലും ഒരു സ്‌കൂളെന്ന നിലയില്‍ രണ്ട് ബാച്ചുകള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്. 148 പഞ്ചായത്തുകളിലായി 296 ബാച്ചുകളാണ് ഇത്തരത്തില്‍ അനുവദിച്ചത്. സര്‍ക്കാര്‍, സഹകരണ മാനേജ്‌മെന്റ്, വ്യക്തിഗത എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ എന്ന ക്രമത്തിലാണ് മുന്‍ഗണന നിശ്ചയിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 382 ബാച്ചുകള്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള എട്ട് ജില്ലകളിലായി ആവശ്യകത അനുസരിച്ച് നിലവിലെ ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്താനും തീരുമാനമായി.
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കി ബാക്കിവരുന്ന ബാച്ചുകള്‍ നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യകത മുന്‍നിര്‍ത്തി അധികബാച്ചുകളായി അനുവദിക്കും. സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും തുടങ്ങുന്നതിനായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് തലത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറിക്കും ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ വിദ്യാഭ്യാസ ആവശ്യകത കൂടുതലുള്ള എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഗവ., എയ്ഡഡ് തലത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അധിക ബാച്ച് അനുവദിക്കുന്നതിനുമാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും മാതൃകയും മറ്റ് വിശദാംശങ്ങളും www.dhse.kerala.gov.in, www.prd.kerala.gov.in, www.education.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഈമാസം 26ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.