Connect with us

Kerala

കനത്ത മഴ: വ്യാപക നാശം 216 വീടുകള്‍ തകര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 216 വീടുകള്‍ തകര്‍ന്നു. ഇതില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 209 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ദുരന്തനിവാരണ വിഭാഗം നല്‍കുന്ന ഔദ്യോഗിക വിവരം. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിയിടങ്ങളില്‍ ഉണ്ടായ നാശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃഷി വകുപ്പിന് പൂര്‍ണമായും തിട്ടപ്പെടുത്താനായിട്ടില്ല. എല്ലാ ജില്ലകളിലെയും കൃഷിയിടങ്ങളില്‍ കാറ്റ് വ്യാപക നാശം വിതച്ചിട്ടുണ്ട്. റബ്ബര്‍, വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് കൂടുതലും കടപുഴകിയിട്ടുള്ളത്. തലസ്ഥാന ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 12 വില്ലേജുകളിലായി 61 വീടുകള്‍ തകര്‍ന്നു. കൊല്ലം ജില്ലയില്‍ ആറ് വില്ലേജുകളിലായി 24 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ആലപ്പുഴയില്‍ 21 വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടെ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ പത്ത് വില്ലേജുകളിലായി 14 വീടുകള്‍ ഭാഗികമായും ഒന്ന് മുഴുവനായും നശിച്ചു. കോട്ടയത്ത് 15 വില്ലേജുകളിലായി 30 വീടുകള്‍ തകര്‍ന്നു. രണ്ട് വീടുകള്‍ പൂര്‍ണമായി നശിച്ചു. ഇടുക്കിയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണ് കണക്ക്. എറണാകുളത്ത് 13ഉം തൃശൂരില്‍ 16ഉം പാലക്കാട് രണ്ടും മലപ്പുറത്ത് 15 ഉം വീടുകള്‍ തകര്‍ന്നു. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ആറും വീടുകള്‍ തകര്‍ന്നു. ശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. അതേസമയം, തലസ്ഥാനത്തെ തീരപ്രദേശത്തോട് ചേര്‍ന്ന വീടുകളില്‍നിന്ന് ആളുകളെ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായും കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം.