ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ മരുന്ന് സംസ്ഥാനത്ത് നിരോധിച്ചു

Posted on: June 13, 2013 10:30 pm | Last updated: June 13, 2013 at 10:35 pm
SHARE

pain-killerതിരുവനന്തപുരം: വേദനസംഹാരിയായി ഉപയോഗിക്കുന്ന ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ (DEXTROPROPOXYPHENE) മരുന്നിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തി. ഈ മരുന്നിന്റെയും അതിന്റെ കോംബിനേഷനുകളുടെയും ഉത്പാദനം, ഉപയോഗം, വില്‍പ്പന, വിതരണം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്കു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഗ്രഡ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തിന്റെ 26എ വകുപ്പനുസരിച്ചാണ് മരുന്നിന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്.

യു എസ്, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. ചെറിയ വേദനകള്‍ക്ക് ആശ്വാസം പകരുന്നതിന് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന ഈ മരുന്നിന് പിന്നീട് ഉപയോഗിക്കുന്നവര്‍ അടിമപ്പെടുന്നതായി പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. 2005ലെ നാഷണല്‍ സര്‍വേ ഓണ്‍ ഡ്രഗ് യൂസ് ആന്‍ഡ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള 22 ലക്ഷം പേര്‍ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ ഈ മരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ മരുന്നിന് അടിമപ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ അമേരിക്കയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡെക്‌സ്‌ട്രോപ്പൊപ്പോക്‌സിഫിന്‍ അധിക ഡോസ് ഉപയോഗിച്ചാല്‍ ഗുണത്തേക്കാളേറെ ദോശം ചെയ്യുമെന്ന് കണ്ടതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മരുന്ന് വിതരണം ചെയ്യുന്നത് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വിലക്കിയിരുന്നു.