അണ്ടര്‍ 17 ലോകകപ്പിന് വേദിയൊരുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

Posted on: June 13, 2013 9:10 pm | Last updated: June 13, 2013 at 9:10 pm
SHARE

india under 17 worldcupന്യൂഡല്‍ഹി: 2017ലെ അണ്ടര്‍ 17 ഫുട്‌ബോളിന് ഇന്ത്യയില്‍ വേദിയൊരുക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി. ജനുവരിയില്‍ ലോകകപ്പിന് ഇന്ത്യ ബിഡ് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാറിന്റെ സമ്മതമില്ലാത്തതിനെ തുടര്‍ന്ന് ഫിഫ തള്ളിയിരുന്നു. തുടര്‍ന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സര്‍ക്കാറിന്റെ അനുമതി തേടിയത്. കളിക്കാരുടെ താമസം, സുരക്ഷ, ഗതാഗതം, വിസ, വിദേശനാണയ വിനിമയം തുടങ്ങിയ കാര്യങ്ങളിലാണ് ഫിഫയ്ക്ക് സര്‍ക്കാറിന്റെ അനുമതി വേണ്ടിയിരുന്നത്.

ലോകകപ്പിന് മുന്നോടിയായി സ്‌റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 95 കോടി രൂപ അനുവദിച്ചിട്ടുണ്ട്്. ഇതിന് പുറമെ നടത്തിപ്പിനായി 25 കോടി രൂപയും മാറ്റിവെച്ചു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം (അഞ്ച് കോടി), കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം (15 കോടി), മുംബൈ കൂപ്പറേജ് സ്‌റ്റേഡിയം (25 കോടി), പുണെ ബെല്‍വാഡി കോംപ്ലക്‌സ് (10 കോടി), ബാംഗ്ലൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌റ്റേഡിയം (35 കോടി) എന്നിവയ്ക്കും ഗോവയിലെയും അസമിലെയും കേരളത്തിലെയും ഒരോ സ്‌റ്റേഡിയങ്ങളുടെയും നവീകരണത്തിനാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചത്.

ഡിസംബറില്‍ ചേരുന്ന ഫിഫയുടെ നിര്‍വാഹകസമിതി യോഗത്തിലാണ് വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.