Connect with us

Gulf

ഖത്തര്‍ കെ എം സി സി നേതാക്കള്‍ രോഗികളെ സന്ദര്‍ശിച്ചു

Published

|

Last Updated

ദോഹ: ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരായ രോഗികളെ കെ എം സി സി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ഹെല്‍ത്ത് വിംഗ് പ്രവര്‍ത്തകരാണ് പ്രവാസത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ ദുരിതം പേറി കഴിയുന്നവരുടെ വിവരങ്ങള്‍ തേടിയെത്തിയത്. വരും ആഴ്ചകളിലും സ്ഥിരമായി ആശുപത്രി സന്ദര്‍ശനം നടത്തുമെന്ന് ജില്ലാ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

മാസങ്ങളോളമായി നരകയാതന അനുഭവിച്ച് ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ ദയനീയാവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണെന്ന് സന്ദര്‍ശന ശേഷം നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലെ പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊത്ത് സ്വിമ്മിഗ്പൂളില്‍ കുളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍പെട്ട മലയാളിയുവാവിന്റെ അവസ്ഥ ഏറെ ദയനീയമാണ്. നട്ടെല്ല് തകര്‍ന്ന് കഴുത്തിനുതാഴെ ചലനശേഷി പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ട് 9 മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തി കഴിയുന്ന 24 കാരന്‍ എല്ലാം തിരിച്ചറിയുന്നുണ്ടെങ്കിലും നിസ്സഹായനായി കഴിയുകയാണ്. നാട്ടില്‍ കൊണ്ടുപോകാനും ചികില്‍സക്കും വേണ്ടിവരുന്ന വന്‍ സാമ്പത്തിക ചിലവുകള്‍ എങ്ങിനെ നിര്‍വഹിക്കാന്‍ കഴിയുമെന്നറിയാതെ ഹമദ് ആശുപത്രിയിലെ നഴ്‌സുമാരുടെ കാരുണ്യംകൊണ്ടുമാത്രമാണ് യുവാവ് ഇവിടെ കഴിയുന്നത്.

നാട്ടില്‍നിന്നുള്ള ടെലഫൊണ്‍ അന്വേഷണമല്ലാതെ വിവര ങ്ങള്‍ അന്വേഷിക്കാനോ മറ്റു സഹായങ്ങള്‍ ചെയ്തുകൊടുക്കാനോ ആരുമില്ലാതെ കഴിയുന്നവരും മാസങ്ങളായി ഇവിടെ ചികിത്സയിലുണ്ട്.നാട്ടിലെത്തിയാലുണ്ടായെക്കാവുന്ന വലിയ ചികിത്സാ ചിലവാണ് പലരെയും ഇവിടെതന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇവരില്‍ ചിലരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ പറഞ്ഞു.

ജില്ലാ ഭാരവാഹികളായ പി.പി.അബ്ദുറഷീദ്, സവാദ് വെളിയംകോട്, മുഹമ്മദ്ഷാഫി വേങ്ങര, അബ്ദുല്‍ അക്ബര്‍ മങ്കട, റഫീക്ക് കൊണ്ടോട്ടി, ഹെല്‍ത്ത് വിംഗ് ഭാരവാഹികളായ എ.കെ.അബ്ദുന്നാസര്‍ ഹാജി, പി.സി.യൂസഫ്, അലിക്കുട്ടി പൊന്നാനി, സൈതലവി ബങ്കാളത്ത് തുടങ്ങിയവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.