Connect with us

National

ബീഹാറില്‍ തീവണ്ടിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം: മൂന്ന് മരണം

Published

|

Last Updated

മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ധന്‍ബാദ് – പാറ്റ്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികളില്‍ ഒന്ന്

ന്യൂഡല്‍ഹി: ബീഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന്  പേര്‍ കൊല്ലപ്പെട്ടു. ധന്‍ബാദ് – പാറ്റ്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ നൂറോളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. മുംഗെര്‍ ജില്ലയിലെ ജുമൂയി സ്‌റ്റേഷന് സമീപം വെച്ചായിരുന്നു ആക്രമണം. ട്രെയനിന് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ലോക്കോ പൈലറ്റും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണു മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു.

ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന സി ആര്‍ പി എഫ്, ആര്‍ പി എഫ് ജവാന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകള്‍ യാത്രക്കാരെ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടര്‍ന്നു ഡല്‍ഹി – ഹൗറ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആറു കമ്പനി സി ആര്‍ പി എഫ് ഭടന്‍മാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിനില്‍ ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

Latest