തുര്‍ക്കി: പ്രക്ഷോഭകര്‍ ഗെസി പാര്‍ക്കിലേക്ക്

Posted on: June 13, 2013 8:38 am | Last updated: June 13, 2013 at 8:38 am
SHARE

_68128758_12junecopy (1)ഇസ്തംബൂള്‍: തഖ്‌സീം ചത്വരത്തില്‍ നിന്ന് പോലീസ് തുരത്തിയ തുര്‍ക്കിയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ സമീപത്തെ ഗസി പാര്‍ക്കില്‍ പുനഃസംഘടിച്ചു. പ്രക്ഷോഭകരെ പോലീസ് അടിച്ചമര്‍ത്തിയതോടെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്നും ഇസ്തംബൂളിലെ സ്ഥിതി ആശങ്കാജനകമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവീകരണ പ്രവൃത്തി നടക്കാനിരിക്കുന്ന ഗെസി പാര്‍ക്കിലേക്ക് പ്രക്ഷോഭകര്‍ കടക്കാന്‍ ശ്രമിച്ചത് പോലീസുമായുള്ള കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം തുര്‍ക്കിയില്‍ നടക്കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധ കലാപമായി ഇത് മാറിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

അതിനിടെ, പ്രക്ഷോഭകരെ അനുനയിപ്പിക്കാനും പ്രക്ഷോഭം നേരിടാനും സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും അഭ്യര്‍ഥിച്ചു. പ്രക്ഷോഭകരുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ രാജ്യത്തെ പ്രശസ്ത സിനിമാ താരങ്ങള്‍, എഴുത്തുകാര്‍, ഗായകര്‍ എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇവരുമായി ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വക്താക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കെ, പോലീസിനും മറ്റും കര്‍ശന നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പ്രക്ഷോഭം രാജ്യത്തിന്റെ ടൂറിസം പദ്ധതികളെയും സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിന് വിഘാതമാകുന്ന ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രക്ഷോഭത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ നാല് പ്രാദേശിക ചാനലുകള്‍ക്ക് നേരെ തുര്‍ക്കി പ്രക്ഷേപണ നിയന്ത്രണ വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. ഇസ്തംബൂളിലെ ഗെസി പാര്‍ക്ക് നവീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രക്ഷോഭത്തിന് കാരണം. പാര്‍ക്കിന്റെ നവീകരണ പ്രവൃത്തിക്കായി അനാവശ്യമായി മരങ്ങള്‍ മുറിച്ച് മാറ്റുന്നുണ്ടെന്നാരോപിച്ച് പരിസ്ഥിതിവാദികള്‍ നടത്തിയ പ്രതിഷേധം പിന്നീട് സര്‍ക്കാര്‍ വിരുദ്ധര്‍ ഏറ്റെടുക്കുകയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചുവിട്ടുവെന്നാരോപിച്ച് രണ്ടാഴ്ചയോളമായി പ്രക്ഷോഭകര്‍ തഖ്‌സീം ചത്വരത്തില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടും പ്രക്ഷോഭം അവസാനിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകരെ തഖ്‌സീം ചത്വരത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രക്ഷോഭകരെ ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചും പോലീസ് നേരിട്ടു.