നവാസ് ശരീഫിനെ അഭിനന്ദിച്ച് പരസ്യം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Posted on: June 13, 2013 6:00 am | Last updated: June 13, 2013 at 8:35 am
SHARE

 

NAVS SHERIF ***രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് ശരീഫ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അഭിനന്ദിച്ച് പരസ്യം നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പരസ്യങ്ങളിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈവേ ആന്‍ഡ് മോര്‍ട്ടോര്‍വേ പോലീസ് മേധാവി സഫര്‍ അബ്ബാസ് ലൂക്കിനെതിരെ നടപടിയെടുത്തത്. ഇത്തരത്തില്‍ അനാവശ്യമായ പരസ്യങ്ങളും മറ്റും നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മെയ് 11ന് നടന്ന തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ പി എം എല്‍ (എന്‍) പാര്‍ട്ടിയെ അഭിനന്ദിച്ചാണ് രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ക്ക് ഉദ്യോഗസ്ഥന്‍ പരസ്യം നല്‍കിയത്. പരസ്യവുമായി ബന്ധപ്പെട്ട് അബ്ബാസ് ലൂക് നല്‍കിയ വിശദീകരണത്തില്‍ സംതൃപ്തനാകാത്തതിനാലാണ് ശരീഫ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
ലൂകിനെതിരെ അച്ചടക്ക നടപടിയെടുക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും ശക്തമായ നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം താന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, അഭിനന്ദന സന്ദേശം അയക്കുന്നതിന് പകരം രാഷ്ട്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും ശരീഫ് വിശദീകരിച്ചു.