വേങ്ങരയിലെ കോളജ്; എം എല്‍ എ ഓഫീസിലേക്ക് നാളെ മാര്‍ച്ച്

Posted on: June 13, 2013 7:00 am | Last updated: June 13, 2013 at 8:02 am
SHARE

വേങ്ങര: നിയോജക മണ്ഡലത്തിന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കോളജ്, എയ്ഡഡ് മേഖലയിലേക്ക് മാറ്റി വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ നാളെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് പകരം പാര്‍ട്ടിയിലെ തന്നിഷ്ടക്കാര്‍ക്ക് മന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും ഇതിനെതിരെ വ്യാപക പ്രതിഷേധം നടന്നിട്ടും സ്ഥലം എം എല്‍ എ യായ മന്ത്രി മുസ്‌ലിംലീഗിലെ പ്രമാണി വര്‍ഗത്തിന് കൂട്ടുനിന്ന് മൗനം പാലിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കോളജിന് ആവശ്യമായ സ്ഥലം മണ്ഡലത്തില്‍ തന്നെ ലഭ്യമാണെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തല്‍ സര്‍ക്കാറിന്റെ ബാധ്യതയാണെന്നും സര്‍ക്കാര്‍ മേഖലയില്‍ പ്രഖ്യാപിച്ച സ്ഥാപനത്തിന് പകരം മതകീയമായ നിറം നല്‍കുന്നത് പൊതുജനം അംഗീകരിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. രാവിലെ പത്തിന് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ഹഖ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം ഭാരവാഹികളായ അരീക്കല്‍ ബീരാന്‍കുട്ടി, എം മുസ്തഫ, പി കെ അബൂബക്കര്‍ പങ്കെടുത്തു.