Connect with us

Malappuram

പുതുപൊന്നാനി തീരത്ത് കടല്‍ ക്ഷോഭം രൂക്ഷമാകുന്നു

Published

|

Last Updated

പൊന്നാനി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പുതുപൊന്നാനി തീരത്ത് തിരമാലകളുടെ ഭീകര താണ്ഡവം. ആഞ്ഞടിച്ച് വന്ന തിരമാലകള്‍ രണ്ട് വീടുകള്‍ തകര്‍ത്തു. പുതുപൊന്നാനി ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കപ്പൂരിന്റെ സഫറു, ചെറിയ മുസ്‌ലിയാരകത്ത് ആസിയ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇതോടെ ഇത്തവണത്തെ കടലാക്രമണത്തില്‍ പുതുപൊന്നാനി തീരത്ത് തകര്‍ന്ന വീടുകളുടെ എണ്ണം മൂന്നായി. അബു ഹുറൈറ പള്ളിക്ക് സമീപത്തെ ചെക്കന്റകത്ത് നഫീസയുടെ വീട് കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റവും രൂക്ഷമായ കടലാക്രമണമാണ് പുതുപൊന്നാനി തീരത്ത് അനുഭവപ്പെടുന്നത്. അബു ഹുറൈറ പള്ളിക്ക് പിന്‍വശം മുതല്‍ ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗം വരെയുള്ള കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങള്‍ക്ക് പുറമെ കടല്‍ഭിത്തിയുള്ള ഭാഗങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടു. തീരത്തിന് സമാന്തരമായി കടന്നുപോകുന്ന മുല്ല റോഡിലേക്കും വെള്ളം കയറി. റോഡിനോട് ചേര്‍ന്ന വീടുകളിലേക്ക് തിരമാലകള്‍ പ്രവഹിക്കുന്നത് ഇതാദ്യമാണ്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച കടലാക്രമണം വൈകീട്ടും തുടര്‍ന്നു. തീരത്തെ നിരവധി തെങ്ങുകളാണ് കടപുഴകാറായി നില്‍ക്കുന്നത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടലാക്രമണം ഇത്രയേറെ രൂക്ഷമായി അനുഭവപ്പെടുന്നത് തീരദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കടലാക്രമണം തീരത്ത് നാശ നഷ്ടങ്ങള്‍ വിതക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികളോ പുനരധിവാസ കാര്യങ്ങളോ ഉണ്ടാകത്തത് തീരദേശവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ കടലാക്രമണത്തില്‍ തകര്‍ന്ന മൂന്ന് വീടുകളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഭവനരഹിത കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. കടലാക്രമണം പ്രകൃതി ക്ഷോഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്നതാണ് പുനരധിവാസമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഇവരെ തേടി എത്താതിരിക്കുന്നതിന് കാരണമാകുന്നത്.
ടോള്‍ പിരിവ്: സര്‍വ കക്ഷി യോഗം ഇന്ന്
മലപ്പുറം: പരപ്പനങ്ങാടിയിലെ അവുദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ റെയില്‍വെ മേല്‍പാലത്തിലെ ടോള്‍ പിരിവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ സര്‍വകക്ഷി യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Latest