കോട്ടച്ചേരി മേല്‍പ്പാലം: കലക്ടര്‍ യോഗം വിളിച്ചു

Posted on: June 13, 2013 12:57 am | Last updated: June 13, 2013 at 12:57 am
SHARE

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണത്തിനെതിരെയുള്ള നിയമയുദ്ധം താത്കാലികമായി അവസാനിച്ച സാഹചര്യത്തില്‍ മേല്‍പ്പാലം സ്ഥലമെടുപ്പിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ച ഭൂഉടമകളുടെയും മേല്‍പ്പാല ആക്ഷന്‍കമ്മിറ്റി ഭാരവാഹികളുടെയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തു.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കാസര്‍കോട് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും. മേല്‍പ്പാലം സ്ഥലമെടുപ്പിനെതിരെ നേരത്തെ രണ്ട് ഹരജികളില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചിരുന്നു.
ആസ്‌ക അബ്ദുറഹിമാന്‍ ഹാജിക്ക് വേണ്ടിയും ഗീതാ വേലായുധന് വേണ്ടിയും സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച ഹൈക്കോടതി ഭൂഉടമകള്‍ക്ക് നിയമാനുസൃതം നോട്ടീസ് നല്‍കിയില്ലെന്ന് നിരീക്ഷിക്കുകയും സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ കൃത്യമായ രീതിയില്‍ പൂര്‍ത്തീകരിച്ച് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയെ നേരത്തെ സമീപിച്ചവര്‍ക്ക് ലാന്റ് അക്വിസേഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ വി രാമചന്ദ്രന്‍ നോട്ടീസ് നല്‍കി.
നോട്ടീസ് കൈപ്പറ്റിയവര്‍ ചില തടസ്സവാദങ്ങള്‍ ഉന്നയിച്ച് മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇന്നു ചേരുന്ന യോഗം പ്രധാനമായും ചര്‍ച്ച ചെയ്യും.
മേല്‍പ്പാലം സ്ഥലമെടുപ്പിനെതിരെ അസ്ഥിരോഗ വിദഗ്ധന്‍ കെ വിജയരാഘവന്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ മേല്‍പ്പാലത്തിനെതിരെയുള്ള നിയമകുരുക്ക് അഴിഞ്ഞുവീണിട്ടുണ്ട്.