രക്തദാന ദിനാചരണ ജില്ലാതല ഉദ്ഘാടനം നാളെ

Posted on: June 13, 2013 12:56 am | Last updated: June 13, 2013 at 12:56 am
SHARE

കാസര്‍കോട്: ലോക രക്തദാന ദിനമായ നാളെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രക്തദാതാദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലഡ്ബാങ്കിന്റെ കീഴില്‍ ലളിത് റിസോര്‍ട്ട് ഉദുമയിലും രാവിലെ 10 മുതല്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11.30 ന് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ മുഖ്യാതിഥിയായിരിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുള്ള അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍ രക്തദാതാ ദിനാചരണ സന്ദേശം നല്‍കും. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രാവശ്യം രക്തം ദാനം ചെയ്ത ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി രതീഷ്‌കുമാര്‍, രക്തദാനം പ്രോത്സാഹിപ്പിച്ച ഏറ്റവും നല്ല സ്ഥാപനമായ മുന്നാട് പ്യൂപ്പിള്‍സ് കോഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ജില്ലയിലെ രക്തദാനം ചെയ്ത ഏറ്റവും നല്ല സംഘടനയായ യുവജനസമിതി ചെമ്മട്ടംവയല്‍ എന്നിവരെ ആദരിക്കും.
18 ന് രാവിലെ പത്ത്മണിക്ക് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ റഗുലര്‍പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ്‌ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.