ഡി വൈ എഫ് ഐ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

Posted on: June 13, 2013 12:55 am | Last updated: June 13, 2013 at 12:55 am
SHARE

കാസര്‍കോട്: നവജാത ശിശുക്കളെ വയറിളക്ക വാര്‍ഡില്‍ കിടത്തിയതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഇന്നലെ പ്രകടനവുമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ട് നാരായണ നായ്ക്കിനെ ഓഫീസില്‍ കയറി തടഞ്ഞുവെക്കുകയായിരുന്നു.
നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിപ്പിക്കണമെന്നും, രോഗികള്‍ക്ക് മരുന്നും പരിചരണവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള അസുഖം ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തിലും ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും സര്‍കാറും ജനറല്‍ ആശുപത്രിയധികൃതരും കടുത്ത അവഗണനയാണ് തുടരുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചും ആവശ്യത്തിന് ചികിത്സ സൗകര്യങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുമാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥ് എന്നിവര്‍ ആശുപത്രിയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. ആശുപത്രിയിലെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, സി ജെ സജിത്ത്, പി ഗോപാലകൃഷ്ണന്‍, കെ സബീഷ്, ടി നിഷാന്ത്, ടി കെ മനോജ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കിടത്തി ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതെ ജനറല്‍ ആശുപത്രി വീര്‍പ്പുമുട്ടുകയാണ്. പലരോഗികളേയും കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തറയില്‍ കിടക്ക വിരിച്ചാണ് കിടത്തിയിരിക്കുന്നത്. കൊച്ചുകുട്ടികളേയും, പ്രസവ ചികിത്സയ്‌ക്കെത്തിയവരേയും വിവിധ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരേയും ഇത്തരത്തില്‍ തറയില്‍ കിടത്തിയിരിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
ഇതിനിടയില്‍ രാവിലെ സൂപ്രണ്ടിനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചതില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഒ പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു.