മഴക്കാലമായിട്ടും മൂന്ന് വില്ലേജുകളില്‍ ലോറികളില്‍ കുടിവെള്ള വിതരണം

Posted on: June 13, 2013 12:53 am | Last updated: June 13, 2013 at 12:53 am
SHARE

പുല്‍പള്ളി: മഴക്കാലമായിട്ടും മൂന്നു വില്ലേജുകളില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ലോറികളില്‍.
പുല്‍പള്ളി, പാടിച്ചിറ, ഇരുളം വില്ലേജുകളിലാണ് കുടിനീര്‍ ക്ഷാമം തുടരുന്നത്. മൂന്നു വില്ലേജുകളിലുമായി ആയിരം പോയിന്റുകളിലാണ് കുടിവെള്ള വിതരണം. എട്ട് ടാങ്കര്‍ ലോറികളാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രണ്ടര ലക്ഷം ലിറ്റര്‍ വെള്ളമാണ് ദിവസം വിതരണം ചെയ്യുന്നത്.
ജൂണ്‍ പകുതിയായിട്ടും വയനാട്ടില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടില്ല. ഇടയ്ക്ക് മാത്രമാണ് മഴ. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പകല്‍ മഴ പെയ്യുമ്പോള്‍ പരമ്പാരഗത സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ ജലസംഭരണം നടത്തുന്നുണ്ട്. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെട്ട വില്ലേജുകളാണ് പാടിച്ചിറ, പുല്‍പള്ളി, ഇരുളം എന്നിവ. മൂന്നു വില്ലേജുകളിലും ജലസംരക്ഷണത്തിനുള്ള മഴക്കുഴി നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.