Connect with us

Wayanad

ഉറവകളുടെ വീണ്ടെടുപ്പ് :ബാണാസുര വനത്തില്‍ മുള്ളില്ലാമുള നടല്‍ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കല്‍പ്പറ്റ: ഉറവകളുടെ വീണ്ടെടുപ്പ് മുഖ്യലക്ഷ്യമാക്കി സൗത്ത് വയനാട് വനം ഡിവിഷനിലെ കല്‍പ്പറ്റ റെയ്ഞ്ചില്‍ സുഗന്ധഗിരി സെക്ഷനില്‍പ്പെട്ട ബാണാസുര വനത്തില്‍ മുള്ളില്ലാമുള നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തില്‍ വനം-വന്യജീവി വകുപ്പിന്റെയും തരിയോട് എട്ടാംമൈല്‍ വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച തൈ നടീല്‍ പുരോഗതിയിലാണ്.
ഈ മാസം25നകം നടീല്‍ പൂര്‍ത്തിയാകുമെന്ന് ഡി.എഫ്.ഒ. പി.ധനേഷ്‌കുമാര്‍, റെയ്ഞ്ച് ഓഫീസര്‍ സി.കൃഷ്ണദാസ്, സെക്ഷന്‍ ഫോറസ്റ്റര്‍ എം. മനോഹരന്‍ എന്നിവര്‍ പറഞ്ഞു. ഇന്നലെ വരെ 17,000 തൈകള്‍ നട്ടതായി അവര്‍ അറിയിച്ചു. ആകെ 45,000 തൈകളാണ് നടുന്നത്.
ഗ്വാളിയര്‍ റയണ്‍സിനും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്കും അസംസ്‌കൃത വസ്തു ലഭ്യത ഉറപ്പുവരുത്തുന്നതിനു സര്‍ക്കാര്‍ തീരുമാനപ്രകാരം 1960കളില്‍ അടച്ചുവെട്ട് നടത്തി യൂക്കാലിപ്ട്‌സ് തോട്ടങ്ങളാക്കിയ വനപ്രദേശങ്ങളിലാണ് മുള്ളില്ലാമുള വെച്ചുപിടിപ്പിക്കുന്നത്. നൈസര്‍ഗിക വനം യൂക്കാലിത്തോട്ടത്തിനു വഴിമാറിയത് പില്‍ക്കാലത്ത് കടുത്ത പാരസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി.
യൂക്കാലിവത്കരണം നടന്ന പ്രദേശങ്ങളിലും ഇതോടുചേര്‍ന്നു തരിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും നീരുറവകള്‍ വറ്റി. ഇത് ജനവാസകേന്ദ്രങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് കുറയുന്നതിനും വേനലില്‍ കുടിവെള്ള ക്ഷാമത്തിനും കാരണമായി. സ്വാഭാവിക വനം ഏകവിളത്തോട്ടമാക്കിയത് തരിയോട് പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ വന്യജീവി ശല്യം രൂക്ഷമാകുന്നതിനും ഇടയാക്കി.
ആഹാരവും വെള്ളവും തേടി കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി. ഈ സാഹചര്യത്തില്‍ തരിയോട് ആസ്ഥാനമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും വന്യജീവി ശല്യം തടയുന്നതിനുമുള്ള പദ്ധതികള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും വനംമന്ത്രിയും നിര്‍ദേശിച്ചതനുസരിച്ചാണ് വനം-വന്യജീവി വകുപ്പ് മുള്ളില്ലാമുള വളര്‍ത്തല്‍ പദ്ധതി ആസൂത്രണം ചെയ്തത്.
100 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് മുള്ളില്ലാമുള. സ്‌പോഞ്ച് പോലുള്ള ഇതിന്റെ വേരിന് ജലസംരക്ഷണശേഷിയുണ്ട്. ഈയിനം മുള വ്യാപകമായി നടുന്ന പ്രദേശങ്ങളില്‍ ഉറവകളുടെ വീണ്ടെടുപ്പ് സാധ്യമാകും.
ഇത് ക്രമേണ തോടുകളില്‍ നീരൊഴുക്ക് ശക്തിപ്രാപിക്കുന്നതതിനും കിണറുകളില്‍ ജലനിരപ്പ് ഉയരുന്നതിനും സഹായകമാകും. ഒന്നര വര്‍ഷംകൊണ്ട് വളര്‍ച്ചയെത്തുന്ന മുള്ളില്ലാമുള വനത്തില്‍ കാട്ടാനകള്‍ നേരിടുന്ന ഭക്ഷണക്ഷാമത്തിനും ഒരളവോളം അറുതി വരുത്തും.
ആനകളുടെ ഇഷ്ടാഹാരങ്ങളില്‍ ഒന്നാണ് മുളയില. കടലാസ്, ഫര്‍ണിച്ചര്‍ നിര്‍മാണത്തിനു യോജിച്ചതാണ് വളര്‍ച്ചയെത്തിയ മുള്ളില്ലാമുളയുടെ തണ്ട്. മണ്ണൊലിപ്പ് തടയുന്നതിനും ഈയിനം മുള ഉതകും.
ബാണാസുര വനത്തില്‍ രണ്ട് ഭാഗങ്ങളിലാണ് മുള്ളില്ലാമുളയുടെ തൈകള്‍ നടുന്നത്. ചെകുത്താന്‍പാറ, ഉതിരന്‍ചേരി, ക്യാമ്പ് ഷെഡ് എലിക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒരു ഭാഗം. ഇവിടെ 50 ഹെക്ടറിലായി 31250 തൈകളാണ് നടുന്നത്. പാറത്തോടിനും പത്താം മൈലിനും ഇടയിലാണ് രണ്ടാമത്തെ ഭാഗം.
ഇവിടെ 30 ഹെക്ടറിലായി 13,750 തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. നാലു മീറ്റര്‍ ഇടവിട്ട് ഒരു ഹെക്ടറില്‍ 620 തൈകളാണ് നടുന്നതെന്ന് സെക്ഷന്‍ ഫോറസ്റ്റര്‍ പറഞ്ഞു.
വനത്തില്‍ നടുന്നതിനു ആവശ്യമായ തൈകള്‍ തരിയോട് എട്ടാം മൈലില്‍ വന സംരക്ഷണ സമിതിയുടെ നഴ്‌സറിയിലാണ് ഉല്‍പാദിപ്പിച്ചത്. കല്‍പ്പറ്റ പുത്തൂര്‍വയലിലെ ഡോ. എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു നഴ്‌സറിയുടെ തയാറിപ്പ്. ആവശ്യമായ വിത്ത് കേരള വനം ഗവേഷണ കേന്ദ്രത്തില്‍നിന്നും കര്‍ണാടകയിലെ ഷിമോഗയില്‍നിന്നുമാണ് കൊണ്ടുവന്നത്.
നട്ടുപിടിപ്പിക്കുന്ന തൈകളുടെ സംരക്ഷണവും വന സംരക്ഷണ സമിതി മുഖേന ഉറപ്പുവരുത്താനാണ് വനം-വന്യജീവി വകുപ്പിന്റെ തീരുമാനം. മുള്ളന്‍പന്നികളുടെ ഉപദ്രവം ഒഴിവാക്കുക എന്നതാണ് തൈകളുടെ പരിപാലനത്തില്‍ പ്രധാനം. ചുവടെയുളള കിഴങ്ങ് മാന്തിത്തിന്നാനെത്തുന്ന മുള്ളന്‍പന്നികള്‍ തൈകള്‍ നശിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.