Connect with us

Wayanad

പി പി ആലി കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍

Published

|

Last Updated

കല്‍പ്പറ്റ: നഗരസഭാ ചെയര്‍മാനായി പി പി ആലിയെ തിരഞ്ഞെടുത്തു. നേരത്തെയുള്ള ധാരണ പ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചെയര്‍മാനായിരുന്ന എ പി ഹമീദ് രാജി വെച്ച സ്ഥാനത്തേക്കാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ പി പി ആലിക്ക് 20ഉം എതിര്‍സ്ഥാനാര്‍ഥി സി പി എമ്മിലെ പി കെ അബുവിന് ഏഴും വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി. തിരഞ്ഞെടുപ്പില്‍ മുണ്ടേരി വാര്‍ഡില്‍ നിന്നും വിജയിച്ചെത്തിയ ആലി രണ്ടര വര്‍ഷക്കാലമായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
ഒരു സാധാരണപ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തിയ ആലി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്, കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, ഡി സി സി ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തിയ കാലം മുതലെ ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. 1986-ല്‍ പൊലീസ് ഭീകരതക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം യു ഡി എഫ് പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പി പി ആലിയെയും ആനയിച്ചുകൊണ്ട് ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. തുടര്‍ന്നുനടന്ന പൊതുസമ്മേളനം ഐ എന്‍ ടി യു സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ്, യു കെ ഭാസി, എന്‍ ഡി അപ്പച്ചന്‍, കെ സി രാമചന്ദ്രന്‍, എ പി ഹമീദ്, റസാഖ് കല്‍പ്പറ്റ, ഗിരീഷ് കല്‍പ്പറ്റ, പി കെ കുഞ്ഞിമൊയ്തീന്‍, കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.