Connect with us

Palakkad

കെ കൃഷ്ണന്‍ കുട്ടിയുടെ പ്രവര്‍ത്തനം പാര്‍ട്ടി നേതൃത്വം നിരീക്ഷിക്കുന്നു

Published

|

Last Updated

പാലക്കാട്: സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനുശേഷമുള്ള കെ കൃഷ്ണന്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ 17 ന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തും. ഇതിന് മുന്നോടിയായി പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇന്നലെ ജില്ലയിലെത്തി പ്രധാന പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.
രാജിക്കുശേഷമുള്ള കൃഷ്ണന്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യലിസ്റ്റ് ജനത് പരിശോധിക്കും. പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, സെക്രട്ടറിമാരായ വി കുഞ്ഞാലി, തോമസ്ബാബു, കെ ശങ്കരന്‍, എം കെ ഭാസ്‌കരന്‍, തോമസ് ജെയിംസ് എന്നിവര്‍ ഇതിനായി ഇന്നലെ പാലക്കാട്ടെത്തി.—വീരേന്ദ്രകുമാര്‍- കൃഷ്ണന്‍കുട്ടി പോര് രൂക്ഷമായതോടെ കൂടുതല്‍ പൊട്ടിത്തെറിയ്ക്കായി ചിറ്റൂര്‍ മേഖല കാതോര്‍ത്തിരിക്കുകയാണ്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രവും കെ കൃഷ്ണന്‍കുട്ടിയുടെ മേഖലയെന്നതുമാണ് ചിറ്റൂരിനെ പ്രശ്‌നത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ച ചവുട്ടിപ്പുറത്താക്കല്‍ തന്നെ പ്രതീക്ഷിച്ചാണ് കൃഷ്ണന്‍കുട്ടിയും കൂട്ടരുമുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ചിറ്റൂര്‍ മേഖലയില്‍ പല രാഷ്ട്രീയ ധ്രുവീകരണത്തിന് ഇടവരുത്തിയേക്കാം.
കുത്തക കമ്പനിയായ കൊക്കകോളയുടെ പഴച്ചാര്‍ നിര്‍മാണ അനുമതിക്കുവേണ്ടി എം പി വീരേന്ദ്രകുമാര്‍ സമീപിച്ചെന്നു കഴിഞ്ഞ ദിവസം കൃഷ്ണന്‍കുട്ടി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കൊക്കകോളയ്‌ക്കെതിരേ പോരാട്ടം നടത്തിയിട്ടും കാര്യമില്ലെന്നും തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ കമ്പനിക്കൊപ്പം നില്‍ക്കണമെന്നുമായിരുന്നു വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടതെന്ന് കൃഷ്ണന്‍കുട്ടി വെളിപ്പെടുത്തി. ഇതിനെതിരേ വീരേന്ദ്രകുമാര്‍ രംഗത്തെത്തി.
ചിറ്റൂരിലെ ഫാം ഹൗസില്‍നിന്നും കൊക്കകോളക്ക് വെള്ളം വിറ്റ കൃഷ്ണന്‍കുട്ടിയാണ് ഇപ്പോള്‍ തനിയ്‌ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ തിരിച്ചടിച്ചു. മറ്റു ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു.————————