ചിറ്റൂര്‍ മേഖലയില്‍ രണ്ടാം പഴച്ചാര്‍ കമ്പനി വിവാദം

Posted on: June 13, 2013 12:49 am | Last updated: June 13, 2013 at 12:49 am
SHARE

പാലക്കാട്: ചിറ്റൂരില്‍ പഴച്ചാര്‍ നിര്‍മാണ കമ്പനിയെ ചൊല്ലി വീണ്ടും വിവാദം.—ഏതാനും മാസം മുമ്പായിരുന്നു ആദ്യ വിവാദം. കൊക്കകോള കമ്പനിയുടെ ഫ്രൂട്ട് ജ്യൂസ് നിര്‍മാണത്തിന് പച്ചക്കൊടി കാണിക്കാന്‍ പാര്‍ട്ടി നേതാവു വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചെന്നു രാജിവച്ച നേതാവ് കെ കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് ഏറ്റവും പുതിയത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചിറ്റൂര്‍ അഞ്ചാംമൈലില്‍ വരുന്ന ഫ്രൂട്ട് ജ്യൂസ് കമ്പനിയ്ക്ക് അനുമതി നല്കിയത് സംബന്ധിച്ച വിവാദവും ചിറ്റൂരിനെ ഞെട്ടിച്ചിരുന്നു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്പനിക്ക് അനുമതി നല്‍കിയതും പിന്നീട് പിന്‍വലിച്ചെന്ന് പറയപ്പെടുന്നതും വിവാദമായിരുന്നു.
പ്ലാച്ചിമടയില്‍ നടന്ന വെള്ളമൂറ്റല്‍ തന്നെയാണ് അഞ്ചാംമൈലിലും നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. കുഴല്‍കിണറുകള്‍ക്ക് പുറമെ, ആളിയാര്‍വെള്ളം കടന്നുപോകുന്ന ജലസേചന വകുപ്പിന്റെ കനാലും കമ്പനിയ്ക്കുള്ളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ ജലസേചന വകുപ്പോ, മറ്റു സര്‍ക്കാര്‍ അധികാരികളോ തയാറായിട്ടില്ല. കൊക്കകോളയ്‌ക്കെതിരേ സമരം നടത്തിയെന്ന് പറയുന്ന ഒരു സംഘടനയും ഇതിനെതിരേ പ്രതിഷേധിക്കാന്‍ രംഗത്തുവന്നിട്ടില്ല. ഈ ഫ്രൂട്ട് ജ്യൂസ് കമ്പനി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന കാര്യം ഉറപ്പാണ്. നിയമത്തിന്റെ ചില ചെറുകിട നൂലാമാലകള്‍ മാത്രമാണ് ഇപ്പോള്‍ തടസമായിട്ടുള്ളത്. കമ്പനിയ്ക്ക് പിന്നിലുള്ളത് യഥാര്‍ഥ ഭീമന്മാര്‍ തന്നെയാണെന്നതും ഇതിന് തെളിവായി നിരത്താം. കൊക്കകോളയുടെ ഫ്രൂട്ട് ജ്യൂസ് നിര്‍മാണത്തിന് എതിരായിരുന്നവരില്‍ ആരൊക്കെ അഞ്ചാംമൈലിലെ കമ്പനിയ്‌ക്കെതിരേ വീണ്ടും രംഗത്തുവരുമെന്നു കാണാന്‍ തയാറെടുത്തിരിക്കുകയാണ് പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍. —