ആര്‍ എസ് പി (എസ്) ജില്ലാ ഘടകം കേരളാ കോണ്‍ഗ്രസില്‍ ലയിച്ചു

Posted on: June 13, 2013 12:46 am | Last updated: June 13, 2013 at 12:46 am
SHARE

കോഴിക്കോട്: ആര്‍ എസ് പി (എസ്) ജില്ലാ ഘടകം കേരളാ കോണ്‍ഗ്രസില്‍ ലയിച്ചു. ആര്‍ എസ് പി (എസ്) ജില്ലാ സെക്രട്ടറി രതീഷ് ലാലിന്റെയും ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുല്‍ കോട്ടൂളിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ലയന പ്രഖ്യാപനം നടത്തിയത്.
ലയന സമ്മേളനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് ഉദ്ഘാടനം ചെയ്തു. കേരളാ രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രാമുഖ്യം വര്‍ധിക്കുകയാണ്. പദവികള്‍ക്ക് വേണ്ടി അക്രമ രാഷ്ട്രീയം നടത്തുന്ന യു ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ മറന്നിരിക്കുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് സമയമില്ല.
പടരുന്ന പനിക്ക് ചികിത്സയും മരുന്നുമില്ല. പ്രൈവറ്റ് ആശുപത്രിയില്‍ പോലും പനിക്കാര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. ഇത്രയൊക്കെയായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. വിവിധ കേരള കോണ്‍ഗ്രസുകളില്‍ നിന്ന് ആളുകള്‍ കേരള കോണ്‍ഗ്രസിലേക്ക് ഉടന്‍ വരുമെന്നും 14നും 19നും ആലുവയിലും കൊല്ലത്തും ലയന സമ്മേളനങ്ങള്‍ നടക്കുമെന്നും ഒക്‌ടോബര്‍ 9 മുതല്‍ പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുമെന്നും പി സി തോമസ് പറഞ്ഞു. സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ മെമ്പറും വോളിബോള്‍ അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ സി സത്യന് ചടങ്ങില്‍ സ്വീകരണം നല്‍കി. സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി വി ബാലന്‍ പൊന്നാട അണിയിച്ചു.
ഒളിമ്പിക്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി എ ഹംസ ഉപഹാരം നല്‍കി. ജില്ലാ പ്രസിഡന്റ് പി ടി മാത്യു അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു പേഴത്തിങ്കല്‍, വൈസ് പ്രസിഡന്റ് ഇ വി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ടി ഇബ്രാഹിം, സാലിഹ് പങ്കെടുത്തു.