Connect with us

Kozhikode

കൗതുകക്കാഴ്ചയായി മാവൂരില്‍ വേലിത്തത്തകള്‍ വിരുന്നെത്തി

Published

|

Last Updated

മാവൂര്‍: പക്ഷി പ്രേമികള്‍ക്ക് കൗതുകക്കാഴ്ചയായി വേലിത്തത്തകള്‍ വിരുന്നെത്തി. നീര്‍ത്തടങ്ങളോട് ചേര്‍ന്ന വൃക്ഷത്തലപ്പുകളിലും വൈദ്യുതി, ടെലഫോണ്‍ കമ്പികളിലും ഇരുന്ന് കേരളത്തിന്റെ കാലവര്‍ഷം ആസ്വദിക്കുന്ന ഈ “പച്ചക്കുപ്പായക്കാരെ” കാണാന്‍ ഇനി പക്ഷിനിരീക്ഷകരും മാവൂരിലേക്കെത്തുകയായി. മെറോപിഡേ കുടുംബത്തില്‍പെട്ട നാട്ടുവേലിത്തത്ത, ചെന്തലയന്‍, നീലവാലന്‍ വിഭാഗക്കാരാണ് ഇക്കുറി മാവൂരിന്റെ നീര്‍ത്തടങ്ങളില്‍ ഉല്ലസിക്കാനെത്തിയത്. മെറോപ്‌സ് ഓറിയന്റലിസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. നാടന്‍ തത്തകളെ പോലെ കാണാന്‍ അഴകുള്ളവയാണ് വേലിത്തത്തകള്‍. ശരീരമാസകലം പച്ച. കൊക്കിനുതാഴെ അല്‍പം നീല. കഴുത്തിലൊരു കറുപ്പ് വളയം. വാലിട്ടെഴുതിയ ചെറിയ കണ്ണുകള്‍. ഉത്സാഹ പ്രകൃതക്കാരാണിവ. മിന്നല്‍ വേഗത്തില്‍ പറന്നാണ് ഇരപിടിത്തം. ഇര അല്‍പം വലുതാണെങ്കില്‍ മരക്കൊമ്പിലെത്തി അടിച്ച് പരുവമാക്കിയേ ഭക്ഷിക്കുകയുള്ളൂ.

Latest