പു ക സ ജില്ലാ സമ്മേളനം 15ന് തുടങ്ങും

Posted on: June 13, 2013 12:44 am | Last updated: June 13, 2013 at 12:44 am
SHARE

താമരശേരി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം 15, 16 തിയതികളില്‍ ഈങ്ങാപ്പുഴയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 10ന് ഈങ്ങാപ്പുഴ പാരിഷ് ഹാളിലെ പി ജി നഗറില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷനാകും.
പ്രതിനിധി സമ്മേളനത്തില്‍ ‘സാംസ്‌കാരിക ബദലുകള്‍-ഒരന്വേഷണം’ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനവും അനുമോദനവും സംസ്ഥാന നിര്‍വാഹക സമിതിയംഗം പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം എല്‍എ അധ്യക്ഷത വഹിക്കും. സാഹിത്യത്തിന് സമഗ്ര സംഭാവനക്കുള്ള ദല പുരസ്‌കാരം നേടിയ എം കെ പണിക്കോട്ടിയെ ആദരിക്കും. രാത്രി 7. 30ന് കലാസന്ധ്യയും അരങ്ങേറും. 16ന് 11ന് സാംസ്‌കാരിക പ്രഭാഷണത്തില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. കെ പി മോഹനന്‍ സംസാരിക്കും.
ജാന്‍സി ആര്‍ ഗോപാലന്റെ യാത്രാമൊഴി, എന്‍ എ അബ്ദുല്‍കരീമിന്റെ മിന്നാമിനുങ്ങുകള്‍ നക്ഷത്രങ്ങളോട് എന്നീ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്യും. ‘പി ജി – വിട വാങ്ങിയ വിജ്ഞാന വിസ്മയം’ എന്ന പ്രമേയത്തിലുള്ള ഫോട്ടോ പ്രദര്‍ശനം 15ന് രാവിലെ ഒമ്പത് മുതല്‍ ഈങ്ങാപ്പുഴ വൈ എം സി എ ഹാളിലെ എ മജീദ്-പി സച്ചിദാനന്ദന്‍ നഗറില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി ടി സുരേഷ്, എന്‍ വി രാജന്‍, പി പി ഉണ്ണികൃഷ്ണന്‍, കെ ടി ബെന്നി എന്നിവര്‍ പങ്കെടുത്തു.