മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

Posted on: June 13, 2013 9:20 pm | Last updated: June 13, 2013 at 9:28 pm
SHARE

Abdul_Nasar_Madaniബംഗളൂരു: സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബംഗളൂരു ഹൈക്കോടതി ജൂണ്‍ 17ലേക്ക് മാറ്റി. പ്രമേഹം, സ്‌പോണ്ടിലോസിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവന്‍ തന്നെ അപകടത്തിലായ തനിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നു കാട്ടി അഡ്വ. ഉസ്മാന്‍ മുഖേനയാണ് ഇന്ന് മഅ്ദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഅ്ദനിയെ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പ്രമേഹ രോഗം തീര്‍ത്തും തളര്‍ത്തിയ മഅ്ദനിക്ക് വേണ്ട രീതിയില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഇടതു കാല്‍ മുറിച്ചുകളയേണ്ടിവരുമെന്നും ജീവന്‍ തന്നെ അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ.

ഏറെ അവശനായ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ 2012 നവംബറില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 45 ദിവസത്തെ ചികിത്സക്ക് ശേഷം ഫെബ്രുവരി 21നാണ് ജയിലിലേക്ക് മാറ്റിയത്. മഅ്ദനിക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെടണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി പി ഡി പി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.