Connect with us

Kannur

പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷി ചെയ്യാന്‍ വിപുല പദ്ധതിയൊരുങ്ങുന്നു

Published

|

Last Updated

AGRICULTURE_23604fകണ്ണൂര്‍:കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളെ സംരക്ഷിക്കാന്‍ കൃഷി വകുപ്പ് തയ്യാറാക്കിയ കര്‍മപരിപാടിയുടെ തുടര്‍ച്ചയായി സംസ്ഥാന വ്യാപകമായി പരമ്പരാഗത നെല്‍ കൃഷിക്കായി സര്‍ക്കാര്‍ വിപുലമായ പദ്ധതിയൊരുക്കുന്നു. നെല്‍ കൃഷി പ്രോത്സാഹനത്തിനായി ഇത്തവണ ബജറ്റിലനുവദിച്ച പദ്ധതിത്തുകയില്‍ നിന്നാണ് വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള തനത് നെല്ലിനം കൃഷിചെയ്യാന്‍ സംവിധാനം ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 250 ഹെക്ടര്‍ നിലത്ത് പരമ്പരാഗത നെല്ലിനങ്ങളായ പൊക്കാളി, ഞവര, ബസുമതി തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു ഹെക്ടറിന് 10,000 രൂപ നിരക്കില്‍ ആറ് ജില്ലകള്‍ക്കുമായി ആദ്യ ഘട്ടം 25 ലക്ഷം വീതം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷിയിറക്കുക. ആലപ്പുഴയില്‍ 75, എറണാകുളത്ത് 130, തൃശൂരില്‍ 25 ഹെക്ടര്‍ വീതം സ്ഥലത്ത് പൊക്കാളി കൃഷി നടത്താന്‍ തുക അനുവദിച്ചിട്ടുണ്ട്. മറ്റൊരു നെല്ലിനമായ ഞവര പാലക്കാട് 14 ഹെക്ടറിലും വയനാട്ടില്‍ മൂന്ന് ഹെക്ടറിലും കൃഷി ചെയ്യും. ബസുമതി കണ്ണൂരില്‍ മൂന്ന് ഹെക്ടറില്‍ കൃഷി ചെയ്യും. ഇതു കൂടാതെയുള്ള സംഘകൃഷി പ്രോത്സാഹനത്തിന് ഒരു ഹെക്ടറിന് 4,500 രൂപ നിരക്കില്‍ സംസ്ഥാനത്ത് 27 കോടിയുടെ പദ്ധതിയും ഇക്കുറി ആവിഷ്‌കരിച്ചിട്ടുണ്ട്.

കേരളത്തില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനമാണ് ഞവരയെന്നതിനാല്‍ ഇത് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷി വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തി വരുന്നുണ്ട്. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഔഷധമെന്ന നിലയില്‍ ഞവര ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ ഭൂപ്രദേശ സൂചികാ പദവി ലഭിച്ച കാര്‍ഷികോത്പന്നവുമാണ് ഞവര. ജൈവവള രീതിയിലുള്ള കൃഷി രീതിയാണ് ഞവര നെല്ലിന്റെ ഔഷധഗുണം നിലനിര്‍ത്താന്‍ ഉത്തമം. താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കുന്ന ഞവരക്കാണ് ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് ഞവരയുടെത്. കതിരു വരുന്നതിന് മുമ്പുതന്നെ വീണു പോകുന്ന തരത്തിലുള്ള ദുര്‍ബലമായ തണ്ടുകളാണ് ഇതിനുള്ളത്. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം.‘ഭക്ഷണാവശ്യത്തിന് പുറമെ ഞവര നെല്ല് പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമായും ഉപയോഗിക്കാം. ജീവനക്ഷമത കുറഞ്ഞതാണ് ഇതിന്റെ വിത്ത്. വര്‍ഷത്തില്‍ രണ്ട് തവണ കൃഷി ചെയ്താണ് ഈയിനം നിലനിര്‍ത്തുന്നത്.
ലോകപ്രശസ്തമായ സുഗന്ധ നെല്ലിനമാണ് ബസുമതി. അരിയുടെ നീളവും സുഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. ബസുമതി അരിയുടെ ഉത്പാദനവും ഉപഭോഗവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെങ്കിലും വിദേശ വിപണിയില്‍ ബസുമതി അരിക്ക് വന്‍ ആവശ്യമാണ്. നേരത്തെ ചില വിദേശ കമ്പനികള്‍ ബസുമതി അരിയുടെ പേറ്റന്റിന് ശ്രമിച്ചിരുന്നു. ആറടിയോളം ഉയരത്തില്‍ വളരുന്ന ലവണ പ്രതിരോധശേഷിയുള്ള നെല്ലിനമാണ് പൊക്കാളി. നെല്ലിന്റെ പൊക്കം തന്നെയാണ് പേരിന് പിന്നിലും. ലവണാംശമുള്ള മണ്ണില്‍ വളരാനും വെള്ളപ്പൊക്കത്തെ അതിജീവിക്കാനും പൊക്കാളി നെല്ലിന് കഴിവുണ്ട്.
ഉയര്‍ന്ന ഉത്പാദന ചെലവ് മൂലം കര്‍ഷകര്‍ ഈയിനം നെല്ലിനങ്ങളുടെ കൃഷിയില്‍നിന്ന് പിന്‍വാങ്ങുന്ന ഘട്ടത്തിലാണ് ഹെക്ടറിന് 10,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി കൃഷി വകുപ്പ് ആസൂത്രണം ചെയ്തത്. കൃഷി ഭവനുകള്‍ മുഖേനയാണ് പദ്ധതി നിര്‍വഹണം. വിളവ് അധികം ലഭിക്കുന്ന സങ്കരയിനം നെല്‍വിത്തുകള്‍ കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രാദേശികമായ നെല്‍വിത്തിനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങിയത്. അതാത് പ്രദേശത്തിന്റെ കാലാവസ്ഥയും പ്രതിരോധശേഷിയും ഔഷധഗുണവുമുള്ള വിത്തിനങ്ങളായിരുന്നു കേരളത്തിന് സ്വന്തമായുണ്ടായിരുന്നതെങ്കില്‍ നിലവില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിന് അനുയോജിച്ച പത്തില്‍ താഴെ വിത്തിനങ്ങള്‍ മാത്രമാണ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും പ്രതിരോധശേഷിയും അത്യുത്പാദനശേഷിയും നഷ്ടപ്പെട്ടവയായി മാറിക്കഴിഞ്ഞു.
രാസവളത്തിലും കീടനാശിനിയിലും അധിഷ്ഠിതമായ കൃഷി രീതികളെ ലോകമെമ്പാടും തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രാദേശികമായ വിത്തിനങ്ങളുടെ സംരക്ഷണവും ലോകമെമ്പാടും ശക്തമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്നത്. അതേസമയം ആനച്ചോടന്‍, ചാര, ചീരനെല്ല്, ചുവന്ന ആര്യന്‍, കുറുമുട്ടി, കൊച്ചാണ്ടന്‍ തുടങ്ങി 60ല്‍ പരം നാടന്‍ നെല്ലിനങ്ങള്‍ കേരളത്തില്‍ നിന്ന് നിലവില്‍ അപ്രത്യക്ഷമായിട്ടുണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വയനാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇനങ്ങള്‍ ഇല്ലാതായത്. ഈ ഇനങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി