Connect with us

Articles

സാമൂഹികാരോഗ്യത്തിനാണ് ചികിത്സ വേണ്ടത്‌

Published

|

Last Updated

attappadi-tribals

അട്ടപ്പാടിയിലെ ശിശു മരണങ്ങളും വിഐപി സ്‌ഫോടനവും-2

ഒരു കാലത്ത് വികസനം ആവശ്യമില്ലാത്ത ജനതയായിരുന്നു ആദിവാസികള്‍. അന്ന് വിഭവങ്ങള്‍ ധാരാളവും ആവശ്യങ്ങള്‍ പരിമിതവുമായിരുന്നു. സ്വതന്ത്രവും സന്തോഷപൂര്‍ണവുമായ ജീവിതം. വേട്ടയാടുന്നതിനോ കായ്കനികള്‍ പറിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ വനപാലകരെ പേടിക്കേണ്ടിയിരുന്നില്ല. കാലം കഴിയവേ കാട് മെലിയാന്‍ തുടങ്ങി. കാടിന് അതിരുകളും പുതിയ അവകാശികളുമുണ്ടായി. 1950കളോടെ അട്ടപ്പാടിയില്‍ കുടിയേറ്റം ആരംഭിച്ചു. കുടിയേറ്റത്തോടൊപ്പം വികസന വണ്ടിയും ചുരം കയറി. കാട് ചുരമിറങ്ങാന്‍ തുടങ്ങി. കുടിയേറ്റം 1980കളില്‍ ഉച്ചസ്ഥായിയിലെത്തി. അങ്ങനെയാണ് കേവലം 50 വര്‍ഷങ്ങള്‍കൊണ്ട് വിഭവങ്ങള്‍ കുറയുകയും ആവശ്യങ്ങള്‍ കൂടുകയും ചെയ്ത ഒരു ലോകത്ത് അവര്‍ എത്തിപ്പെട്ടത്. വികസനത്തിന്റെ പ്രവാചകന്മാര്‍ അവരെ മുഖ്യധാരയില്‍ ലയിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ ലയിക്കാന്‍ വിസമ്മതിക്കുന്ന ഒരു സാംസ്‌കാരിക ഘടകം അന്നും ഇന്നും അവരിലുണ്ട്. അതേ സമയം പുതിയ കാലത്തിന്റെ പല ശീലങ്ങളും ശൈലികളും അവര്‍ ആഗിരണം ചെയ്തിട്ടുമുണ്ട്. എന്നാല്‍ സ്വകാര്യ സ്വത്ത്, കരുതിവെപ്പ്, ഭൂമിയെ മുലധനവും വിദ്യാഭ്യാസത്തെ നിക്ഷേപവുമായി കരുതല്‍, സംഘടിക്കേണ്ട ആവശ്യകതയെപ്പറ്റിയുള്ള ബോധം, ആനുകൂല്യങ്ങള്‍ അവകാശങ്ങളായി തിരിച്ചറിയല്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ആദിവാസി ബോധം പുതിയ കാലത്തിന് ഒപ്പമല്ല. ഇത ് ഒരു ജനത നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ്. പഴയ കാലമെന്നത് പൂര്‍ണമായും ഇല്ലാത്തതാണ്. ആ ബോധം കൊണ്ട് പുതിയ കാലത്തെ അതിജീവിക്കാനാകില്ല. 

ഈ സംഘര്‍ഷമാണ് ആദിവാസികള്‍ നേരിടുന്ന വലിയ സാംസാകാരികാഘാതം. ഈ സാംസാകാരികാഘാതം ആദിവാസിജീവിതത്തിന്റെ എല്ലാ തലങ്ങളിലും ബാധിച്ചിട്ടുണ്ട്. അതിന്റെ കൂടി സംഭാവനയാണ് ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, മനോരോഗങ്ങള്‍ തുടങ്ങിയവ. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് അന്യമായിരുന്നു ഈ രോഗങ്ങള്‍. അതുപോലെ തന്നെയായിരുന്നു പോഷകാഹാരക്കുറവും. അത്രമാത്രം സമീകൃതമായിരുന്നു അവരുടെ ആഹാരം. റാഗി(റാഗി)യാണ് പ്രധാനാഹാരം. റാഗി വളരെ പോഷകസമൃദ്ധമാണ്. അതില്‍ 95 ശതമാനം ഇരുമ്പും(അരിയില്‍ 5ശതമാനം) 99 ശതമാനം കാല്‍സ്യവും (അരിയില്‍ ഒരു ശതമാനം) 55 ശതമാനം പ്രോട്ടീനും (അരിയില്‍ 45 ശതമാനം) അടങ്ങിയിരിക്കുന്നു. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത ബഹുവിള കൃഷിയിലൂടെയാണ് അവര്‍ റാഗി ഉത്പാദിപ്പിച്ചിരുന്നത്.
തിന, മക്കച്ചോളം, ചാമ, ചീര, അമര, തുവര തുടങ്ങിയവയാണ് മറ്റു കൂട്ടുവിളകള്‍. ഇവ കൂടാതെ 55 തരം ഇലകള്‍, എട്ട് തരം കാട്ടുകിഴങ്ങുകള്‍, 30ഓളം തരം കാട്ടു പഴങ്ങള്‍ തുടങ്ങിയവയും അവരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. പാരമ്പര്യ കൃഷി രീതിയിലാണ് ഇപ്പോഴും ആദിവാസികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യം. ഇപ്പോഴും ധാരാളം ആദിവാസികള്‍ ഈ കൃഷി ചെയ്യുന്നുണ്ട്. ഇലകളുടെയും കിഴങ്ങുകളുടെയും ലഭ്യത നാമമാത്രമായിത്തീര്‍ന്നു. വനാന്തരത്തിലെ ആദിവാസികള്‍ ഇപ്പോഴും അവ സുലഭമായി ഉപയോഗിക്കുന്നുണ്ട്.
ഭൂമിയാണ് മുലധനം
അട്ടപ്പാടിയെ സംബന്ധിച്ചും ആദിവാസിയെ സംബന്ധിച്ചും ഭൂമിയാണ് പ്രധാന മൂലധനം. ആ ബോധം ആദിവാസികള്‍ ഇനിയും ആര്‍ജിക്കാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴും ഏകദേശം 20,000 ത്തോളം ഏക്കര്‍ ഭൂമി അട്ടപ്പാടിയിലെ ആദിവാസികളുടെ കൈവശമുണ്ട്. ഈ ഭൂമിയില്‍ കൃഷി ചെയ്യാനുള്ള നടപടികളാണ് അടിയന്തരമായി കൈക്കൊള്ളേണ്ടത്. പാരമ്പര്യ വിളകളും പുതിയ വിളകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംയോജിത പാക്കേജ് ഇതിനായി ആസൂത്രണം ചെയ്യണം. റാഗിയുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കണം. വിളവെടുപ്പ് കാലത്ത് സംഭരിക്കകയും പൊതുവിതരണ സമ്പ്രദായം വഴി ആവശ്യാനുസരണം വിതരണം ചെയ്യുകയും വേണം. മാത്രമല്ല, കൈയേറ്റ ഭൂമികളും കുത്തക, ഭോഗ്യം എന്നീ രീതിയില്‍ അന്യാധീനപ്പെട്ടുകിടക്കുന്ന ആദിവാസി ഭൂമികളും തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പാട്ട കര്‍ഷകരുടെ കൈവശത്തിലുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഒരു സങ്കീര്‍ണ പ്രശ്‌നവും നിലവിലുണ്ട്. പലരുടെയും ഭൂമി പല തലമുറ മുമ്പ് മരിച്ചുപോയവരുടെ പേരിലാണ്. അത് കൂട്ടുസ്വത്തായി തുടരുന്നു. തന്‍മൂലം കൃഷി ചെയ്യാന്‍ കഴിവുള്ള ആദിവാസികള്‍ പോലും മടിച്ചു നില്‍ക്കുന്നു. കൃഷിയോട് വളരെ ആഭിമുഖ്യമുള്ള അട്ടപ്പാടിയിലെ രങ്കസ്വാമി ഉദാഹണം. കുടുംബസ്വത്തായി 15 ഏക്കര്‍ ഭൂമിയുണ്ട്. സ്വത്ത് ഭാഗം വെക്കാന്‍ സാധിക്കുന്നില്ല. ടാക്‌സ് റസീറ്റ് 40 വര്‍ഷം മുമ്പ് മരിച്ചുപോയ മുതുമുത്തച്ഛന്റെ പേരിലാണ്. അതുകൊണ്ട് കൃഷി വകുപ്പില്‍ നിന്ന് സഹായവും ലഭിക്കുന്നില്ല. ഇതെല്ലാം സര്‍ക്കാര്‍ ഇടപെട്ടാല്‍ എളുപ്പം പരിഹരിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ്. ആദിവാസികള്‍ അതിനു വേണ്ടി പിറകെ നടക്കില്ല. ആദിവാസികള്‍ മടിയന്മാരാണ് എന്ന പഴഞ്ചന്‍ സിദ്ധാന്തം വെച്ച് ഇതിനെ അളക്കരുത്. ആദിവാസികളുടെ മടി എന്നത് കാര്‍ഷിക പൂര്‍വ, നാടോടിജീവിതത്തിന്റെ സാംസ്‌കാരിക ശേഷിപ്പാണ്.
ജൂണ്‍ ആറിന് മുഖ്യമന്ത്രി ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി എന്ന പഴയ പല്ലവി ആവര്‍ത്തിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടി ആരും മറന്നിട്ടുണ്ടാകില്ല. ഭൂരഹിതരായ 500 ആദിവാസികുടുംബങ്ങള്‍ക്ക് 1315 ഏക്കര്‍ ഭൂമി ഇടതു സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഷോളയുര്‍ പഞ്ചായത്തിലെ മേല്‍തോട്ടം, അണക്കാട്, വെള്ളകുളം, മൂലഗംഗല്‍ എന്നീ പ്രദേശങ്ങളിലെ കൃഷിയോഗ്യമല്ലാത്ത ഭൂമികളാണ് നീക്കിവെച്ചത്. കാറ്റും കാട്ടുമൃഗങ്ങളും എപ്പോഴും മേഞ്ഞുനടക്കുന്ന പ്രദേശം. സ്വന്തം ഊരുകളില്‍ നിന്ന് വളരെ വിദൂരത്തുള്ളതും കൃഷിയോഗ്യമല്ലാത്തതുമായ ആ ഭൂമികളിലേക്ക് ഒരാദിവാസിയും തിരിഞ്ഞുനോക്കിയില്ല. നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്ക് അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചുനല്‍കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ഇപ്പോള്‍ ആദിവാസികളുടെ കൈവശത്തിലുള്ള ഭുമിയില്‍ സുസ്ഥിര കൃഷിക്കുള്ള ദീര്‍ഘകാല പദ്ധതികളും ആവിഷ്‌കരിക്കണം.
കേന്ദ്ര ഗ്രാമവികസ മന്ത്രി ജയറാം രമേഷ് അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ കുറേക്കൂടി സമര്‍ഥമായി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭൂമിയുടെ അന്യവത്കരണം അവര്‍ക്ക് ഏല്‍പ്പിച്ച ആഘാതത്തെപ്പറ്റി അദ്ദേഹം അട്ടപ്പാടിയില്‍ വെച്ച് സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം ആദിവാസികളുടെ കൃഷിവികസനത്തിനായി പ്രഖ്യാപിച്ച 50 കോടി രൂപയുടെ കേന്ദ്ര സഹായം വകുപ്പ് തലത്തില്‍ ചെലവഴിക്കുകയാണെങ്കില്‍ നിസ്സംശയം പറയാന്‍ സാധിക്കും ആ പദ്ധതി ലക്ഷ്യം നേടില്ലെന്ന്.
വനാവകാശ നിയമം
സുഹൃത്തും പരിസ്ഥിതി ചിന്തകനുമായ ഡോക്ടര്‍ ഫൈസി ഈയിടെ എന്നോട് പറഞ്ഞു. “ആദിവാസികളെ സംബന്ധിച്ച് അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്റ്റ് 15 നല്ല 2006 ഡിസംബര്‍ 29നാണ്. അന്നാണ് ആദിവാസി വനാവകാശനിയമത്തില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്.” ഈ നിയമം അത്രയും വിപ്ലവകരമെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു. കേരളം ഈ നിയമം നടപ്പിലാക്കുന്നതില്‍ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്? കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2013 മാര്‍ച്ച് മാസം 31 ലെ പുരോഗതി റിപ്പോര്‍ട്ട് പ്രകാരം കേരളം നിയമം നടപ്പിലാക്കി വരുന്ന 10 സംസ്ഥാനങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ്. കേരളത്തില്‍ 37,535 പേരാണ് ഭൂമിക്കു വേണ്ടി അവകാശം ഉന്നയിച്ചത്. അതില്‍ 23,167 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഇനിയും 14,000ത്തോളം അപേക്ഷകളില്‍ തീരുമാനം എടുത്തിട്ടില്ല. ഇത്രയും അലംഭാവം എന്തിനാണ്? ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും അട്ടപ്പാടിയിലെ അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണം. കഴിയാവുന്നത്രയും ഭൂമി ആദിവാസികള്‍ക്ക് ലഭ്യമാക്കണം. അങ്ങനെ ലഭ്യമാകുന്ന ഭൂമി കൃഷിയോഗ്യമാക്കാനാവശ്യമായ സാമ്പത്തിക സഹായങ്ങളും നല്‍കണം. വനാവകാശ നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്ര പ്രദേശ് ആണ്. പത്താം സ്ഥാനത്ത് മധ്യപ്രദേശും.
ഊര് വികസന സമിതികള്‍
അട്ടപ്പാടിയിലെ ഏറ്റവും ശക്തമായ ജനകീയ സംഘടനാ ശ്യംഖലയാണ് ഊര് വികസന സമിതികള്‍. 170ഓളം സമിതികള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ സമിതികള്‍ നിര്‍ജീവമാണ്. നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പരിചയം സിദ്ധിച്ച ആ സമിതികളെ വികസന പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുന്നതില്‍ എന്തിനാണ് വൈമുഖ്യം? അവര്‍ പദ്ധതിനിര്‍വഹണത്തില്‍ കഴിവ് തെളിയിക്കുക മാത്രമല്ല ചെയ്തത്, ചോര്‍ച്ച തടയുന്നതിലും മുഖ്യ പങ്ക് വഹിച്ചു. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പിലാക്കുക വഴി ഏകദേശം നാല് കോടി രൂപയാണ് അവരുടെ കൈയില്‍ ലാഭവിഹിതമായി നീക്കിയിരിപ്പ് ഉണ്ടായിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അട്ടപ്പാടി സന്ദര്‍ശിച്ചപ്പേള്‍ പറഞ്ഞത് പട്ടികവര്‍ഗ വികസനത്തിന് ഒരു രൂപ ചെലവഴിക്കുമ്പോള്‍ പതിനേഴര പൈസ മാത്രമാണ് ഗുണഭോക്താവിന് കിട്ടുന്നത് എന്നാണ്. അഹാര്‍ഡ്‌സിന്റെ കാര്യത്തില്‍ അത് 90 ശതമാനത്തിലേറെയാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ജനപങ്കാളിത്തവികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും നല്ല പരീക്ഷണമായിരുന്നു അഹാര്‍ഡ്‌സ്. എന്നിട്ടും ഗാന്ധിയന്‍ ഗ്രാമസ്വരാജിനെ സ്നേഹിക്കുന്ന കോണ്‍ഗ്രസുകാരും ജനകീയാസൂത്രണത്തെ സ്‌നേഹിക്കുന്ന കമ്യൂണിസ്റ്റുകാരും അതിനെ ഒരുപോലെ തഴയുകയായിരുന്നു.
ലഹരിയുടെ വന്‍കര
എത്ര ചര്‍ച്ച ചെയ്താലും ഉത്തരം കിട്ടാത്ത കാര്യമാണ് ആദിവാസികള്‍ക്കിടയിലെ അനിയന്ത്രിതമായ മദ്യപാനം. വളരെ ചെറുപ്പത്തില്‍ തന്നെ ആദിവാസികളില്‍ അധികം പേരും മദ്യത്തിന്റെ ഇരകളായി തീരുന്നു. അവര്‍ മദ്യം കഴിക്കുകയല്ല, മദ്യം അവരെ കഴിക്കുകയാണ്. ഈ കാര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ സമൂഹവും ഒട്ടും പിന്നിലല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ആദിവാസികളുടെ മദ്യപാനം വ്യത്യസ്തമാണ്. വെള്ളം തൊടാതെ മദ്യം വിഴുങ്ങുന്നതിലാണ് അവര്‍ക്ക് പ്രിയം. വെള്ളം മദ്യത്തില്‍ ഒഴിക്കുകയല്ല, പുരട്ടുകയാണ് ചെയ്യുക. അളവില്‍ നിയന്ത്രണവുമില്ല. ഭക്ഷണം ആവശ്യമായ അളവില്‍ കഴിക്കുകയുമില്ല. 20 വര്‍ഷത്തോളമായി അട്ടപ്പാടിയില്‍ മദ്യം നിരോധിച്ചിട്ട്. എന്നാല്‍, ഓരോ ഊരിനും ഇപ്പോള്‍ അറ്റാച്ച്ഡ് വാറ്റ് കേന്ദ്രങ്ങളുണ്ട്. പാര്‍ത്തീനിയം പോലുള്ള വിഷസസ്യങ്ങള്‍, ഫുരഡാന്‍ പോലുള്ള മാരക കീടനാശിനികള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ വ്യാജ വാറ്റിന്റെ അസംസ്‌കൃത വസ്തുക്കള്‍. ആദിവാസികളുടെ ശാരീരിക, മാനസിക ആരോഗ്യവും സാമൂഹികാരോഗ്യവും തകര്‍ക്കുന്നതില്‍ ഈ മദ്യത്തിന്റെ പങ്ക് അങ്ങേയറ്റം ഗുരുതരമാണ്. അത് പ്രജനന ശേഷിയിലും കാര്യമായ ആഘാതം ഏല്‍പ്പിച്ചു കഴിഞ്ഞു. മാത്രമല്ല, പുരുഷന്മാരുടെ മരണ നിരക്ക് പല ഊരുകളിലും വളരെ കൂടുതലാണ്. ഈ ദുഃസ്ഥിതിക്ക് പ്രായോഗികമായ ഒരു പ്രതിവിധി സര്‍ക്കാര്‍ കണ്ടുപിടിച്ചേ മതിയാകൂ. വ്യാജ വാറ്റ് തടയാന്‍ വേണ്ട നടപടികള്‍ ശക്തിപ്പെടുത്തുകയും മദ്യവര്‍ജനവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ ഫലപ്രദമായി സംഘടിപ്പിക്കുകയും വേണം.
കൗമാരവിവാഹം
പ്രായപൂര്‍ത്തിയാകും മുമ്പുള്ള വിവാഹങ്ങള്‍ ഇന്നും ആദിവാസികള്‍ക്കിടയില്‍ വളരെ വ്യാപകമാണ്. ഹൈസ്‌കൂളില്‍ വെച്ചുള്ള പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ വൃദ്ധരായി പോകുന്നു. ഗര്‍ഭകാല പരിചരണത്തേയും ശിശുപരിചരണത്തേയും സംബന്ധിച്ച അിറവില്ലായ്മ പോഷകാഹാര പ്രശ്‌നത്തിലേക്കും സങ്കീര്‍ണമായ രോഗങ്ങളിലേക്കും അവരെ നയിക്കുന്നു. വിവാഹമോചനവും പുനര്‍വിവാഹവും ആദിവാസികള്‍ക്കിടയില്‍ പൊതുസമൂഹത്തിലുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അനാഥരായ കുട്ടികളേയും വൃദ്ധരേയുംകൊണ്ട് ഊരുകള്‍ വീര്‍പ്പുമുട്ടുകയാണ്. പാരസ്പര്യവും കൂട്ടായ്മയും ഇന്ന് പ്രാചീനമായ ഓര്‍മകളാണ്. ഈ മേഖലയില്‍ സര്‍ക്കാര്‍ സത്വരമായ ശ്രദ്ധ പതിപ്പിക്കണം.
സമഗ്രമായ ഒരു സാമൂഹിക ചികില്‍സയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടത്. സാമൂഹികമായും സാംസ്‌കാരികമായും അവര്‍ വ്യത്യസ്തരാണ്. ആ നിലയിലുള്ള ദീര്‍ഘവീക്ഷണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അവര്‍ക്ക് മണ്ണുണ്ട്്. കൂടുതല്‍ മണ്ണിന് അവര്‍ക്ക് അര്‍ഹതയുമുണ്ട്. അത് പരമാവധി പ്രത്യുത്പാദനപരമായി വിനിയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുക. ഇക്കാര്യത്തില്‍ അവരുടെ അറിവും കഴിവും പാരമ്പര്യവും പരമാവധി ഉപയോഗിക്കുക. ആരോഗ്യ വകുപ്പ് ശക്തിപ്പെട്ടതുകൊണ്ട് സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടും എന്നത് മിഥ്യയായ സങ്കല്‍പ്പമാണ്.
(അവസാനിച്ചു)

 

Latest