പുതിയ റെക്കോര്‍ഡ്

Posted on: June 12, 2013 8:42 pm | Last updated: June 12, 2013 at 8:42 pm
SHARE

Rupee-vs-Dollar-weakദുബൈ:ഒരു ദിര്‍ഹമിന് 16 ഇന്ത്യന്‍ രൂപ. ഇന്നലെ രാവിലെ യു എ ഇയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചു. മണി എക്‌സ്‌ചേഞ്ചുകളില്‍ ഇന്നലെയും കനത്ത തിരക്കായിരുന്നു. രൂപ ഇന്നലെ ഡോളറിന് 58.36 വരെയെത്തി.

ഇന്നലെ ഒറ്റ ദിവസംകൊണ്ടു വിനിമയ നിരക്കില്‍ 109 പൈസയുടെ വ്യത്യാസമാണ് അനുഭവപ്പെട്ടത്( 1.19%). ഇന്നലെ ഫോറെക്‌സ് വിപണിയില്‍ വില 58.16 വരെ താഴ്ന്നിരുന്നു. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കാനാണു സാധ്യതയെന്നും ഈ ആഴ്ചതന്നെ വിനിമയനിരക്ക് 59 നിലവാരത്തിലെത്തിയേക്കാമെന്നും വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കി.
ചൈനയിലെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുകയാണെന്ന സൂചനയും യുഎസ് സമ്പദ്‌വ്യവസ്ഥ ക്രമേണ കരുത്തു വീണ്ടെടുക്കുകയാണെന്ന നിഗമനവുമാണു ഡോളറിനു ശക്തി പകരുന്ന പ്രധാന ഘടകങ്ങള്‍.
രൂപക്കു മാത്രമല്ല ഏഷ്യയിലെ മറ്റു കറന്‍സികള്‍ക്കും ഡോളറിനു മുന്നില്‍ കാലിടറുകയാണ്. വികസ്വര വിപണികളിലെ കടപ്പത്രങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെട്ട ഡോളര്‍ ഇപ്പോള്‍ പിന്‍വലിക്കപ്പെടുന്നതാണു കാരണം. യുഎസിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു വികസ്വര വിപണികളിലെ ഓഹരി നിക്ഷേപവും വന്‍ തോതില്‍ പിന്‍വലിക്കപ്പെടാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത് ഏഷ്യന്‍ കറന്‍സികളെ കൂടുതല്‍ ദുര്‍ബലമാക്കും.
ഡോളറിന്റെ വിലക്കയറ്റം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്കാണു കൂടുതല്‍ ക്ഷീണമുണ്ടാക്കുന്നത്. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി അപകടകരമായ നിലവാരത്തിലാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.
ഇന്ധന ഇറക്കുമതി കുറയ്ക്കാനാവുന്നില്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കൈക്കൊള്ളുന്ന നടപടികളും ഏറെക്കുറെ പാഴായിപ്പോകുകയാണ്. കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ സഹായിക്കുന്നതു വിദേശത്തുനിന്നുള്ള ഡോളര്‍ വരവു മാത്രമാണെന്നു പറയാം. അതിനാണിപ്പോള്‍ തടസ്സമുണ്ടാകുന്നത്.
നിരക്ക് 59.00 – 59.60 നിലവാരത്തിലെത്താനുള്ള സാധ്യതയാണു സാങ്കേതിക വിശകലനത്തില്‍ വ്യക്തമാകുന്നത്. ഈ ആഴ്ച പ്രതീക്ഷിക്കുന്നത് 58.45 – 58.90 നിലവാരമാണ്.