കേരളത്തിലേക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തിയ മലയാളി പിടിയില്‍

Posted on: June 12, 2013 9:00 pm | Last updated: June 12, 2013 at 8:38 pm
SHARE

currencyഅബുദാബി: ഗള്‍ഫില്‍നിന്ന് പാക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സി കേരളത്തിലേക്കു കടത്തിയ കേസില്‍ കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ ഹാജിയെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇയാളെക്കുറിച്ച് ഇന്റര്‍പോള്‍ കേരള പോലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടി. സിബിഐ മുഖേന കോഴിക്കോട് ക്രൈംബ്രാഞ്ചിനോടാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വെള്ളി കള്ളക്കടത്തും കള്ളനോട്ട് കടത്തും ഉള്‍പ്പെടെ പല കേസുകളിലും ഇയാള്‍ പ്രതിയാണ്.
ആറു വര്‍ഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തിരയുന്ന പ്രതിയാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ അബ്ദുല്ല ഹാജി. കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്നു കേസുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ച വിവിധ കേസുകളില്‍ പങ്കുണ്ട്. കാസര്‍കോട്ടും കേസുകളുണ്ട്. കള്ളനോട്ടുമായി പിടിക്കപ്പെട്ടവരുടെ മൊഴിപ്രകാരം അബ്ദുല്ലഹാജിയാണ് കള്ളനോട്ടു കടത്തിന്റെ ഉറവിടം. കണ്ടെയ്‌നറുകള്‍ വഴി കള്ളനോട്ടുകള്‍ കേരളത്തിലേക്കു എത്തിക്കുന്ന ഏജന്റാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
2007ല്‍ കര്‍ണാടക പൊലീസാണ് ഇയാളെ അവസാനമായി പിടിച്ചത്. പിന്നീട്, ഗള്‍ഫിലേക്കു മുങ്ങി. കോഴിക്കോട് വിമാനത്താവളം വഴി 2007 ഏപ്രില്‍ 20ന് 20 ലക്ഷം രൂപയുടെയും ജൂണ്‍ 19ന് 15 ലക്ഷം രൂപയുടെയും കള്ളനോട്ട് കേരളത്തില്‍ എത്തിച്ച കേസുകളില്‍ പ്രതിയായ അബ്ദുല്ല ഹാജിക്കെതിരെ കൊഫെപോസ വാറന്റുണ്ട്. ഈ കേസുകള്‍ എന്‍ ഐ എയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തളിപ്പറമ്പില്‍ പത്തുലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി എന്‍ഐഎ സംശയിക്കുന്നു.
അബ്ദുല്ല ഹാജിയെ പിടികൂടാന്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. മുട്ടന്തല ഹാജി എന്നറിയപ്പെടുന്ന ഇയാള്‍ 1992ല്‍ അരൂരില്‍ പത്ത് ടണ്‍ വെള്ളി കള്ളക്കടത്ത് നടത്തിയ കേസിലും സിബിഐ അന്വേഷിക്കുന്ന കൊച്ചിയിലെ ബാങ്ക് തട്ടിപ്പുകേസിലും പ്രതിയാണ്.
കേരള ക്രൈംബ്രാഞ്ച് ലുക്ക്്ഔട്ട് നോട്ടീസ് പുറത്തിറക്കിയ പ്രതിയായതിനാല്‍ സിബിഐ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ കഴിയുന്ന അബ്ദുള്ളഹാജിയെ ഉടനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. അബ്ദുല്ലഹാജിയെ ചോദ്യംചെയ്താല്‍ കേരളത്തിലേയ്ക്കുള്ള കള്ളനോട്ടു കടത്തിന്റെ ചുരുളഴിക്കാമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. കേരളത്തിലെ കള്ളനോട്ടു വിതരണ ശൃംഖലയില്‍ കണ്ണികളെ കുടുക്കാനും ഇയാളുടെ മൊഴി സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.