Connect with us

Malappuram

ഹജ്ജ് ക്വാട്ടയിലെ കുറവ്; രാജ്യത്ത് 34,000 പേര്‍ക്ക് അവസരം നഷ്ടമാകും

Published

|

Last Updated

ഹജ്ജ് ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍ തുടങ്ങിയവര്‍പ്രതിസന്ധിയിലാകും

hajj house

മലപ്പുറം:ഹറം വികസനത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളുടെ ഹജ്ജ്ക്വാട്ട സഊദി സര്‍ക്കാര്‍ 20 ശതമാനം വെട്ടിക്കുറച്ചത് രാജ്യത്തെ പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി. ഇന്ത്യയില്‍ മാത്രം 34,000 തീര്‍ഥാടകര്‍ക്കായിരിക്കും സഊദി സര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്ന് അവസരം നഷ്ടമാകുക. 1,70,025 പേരുടെ ക്വാട്ടയാണ് സഊദി സര്‍ക്കാര്‍ രാജ്യത്തിന് അനുവദിച്ചിരുന്നത്. 20 ശതമാനം വെട്ടിക്കുറച്ചതോടെ ഇന്ത്യയുടെ ക്വാട്ട 1,36,020 ആയി കുറയും. കഅ്ബാ പ്രദക്ഷിണം നടക്കുന്നയിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഓരോ രാജ്യത്തിന്റെയും ഹജ്ജ് ക്വാട്ടയില്‍ ഇരുപത് ശതമാനം വീതം സഊദി സര്‍ക്കാര്‍ കുറവ് വരുത്തിയത്. ഇതോടൊപ്പം തന്നെ ഉംറ നിര്‍വഹിച്ച ശേഷം രണ്ടാഴ്ച മാത്രമേ മക്കയില്‍ തങ്ങാനും അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിശുദ്ധ റമസാന്‍ മുഴുവനായി ഹറമില്‍ ആരാധാനകളില്‍ മുഴുകുന്നതിന് ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഉംറ വിസയില്‍ കേരളത്തില്‍ നിന്ന് പുറപ്പെടാറുള്ളത്. ഇവര്‍ക്കും പുതിയ തീരുമാനം തിരിച്ചടിയാകും. നിയന്ത്രണം ഈ വര്‍ഷത്തെ ഹജ്ജ് മുതലാണ് ബാധകമാകുക. പുതിയ ക്വാട്ടയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ പട്ടികയില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള യാത്രക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ തീരുമാനമുണ്ടായിട്ടുള്ളത്. സീറ്റുകളുടെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു പണമടക്കുകയും ഇവര്‍ക്കുള്ള ഹജ്ജ് പരിശീലന ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന നിലക്ക് കേരളത്തിന് ഈ തീരുമാനം ഏറെ പ്രയാസം സൃഷ്ടിക്കും.
തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരും എഴുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ വര്‍ഷം സംസ്ഥാന ഹജ്ജ്് കമ്മിറ്റി മുഖേന കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ഇത്തരത്തില്‍ 8,470 പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇവരുടെ നീണ്ട കാലത്തെ കാത്തിരിപ്പും ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിനാലും ക്വാട്ടയിലുണ്ടായിട്ടുള്ള കുറവ് സ്വകാര്യ ഗ്രൂപ്പുകളില്‍ നിന്ന് കണ്ടെത്തണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ പറയുന്നത്. ഈ ആവശ്യം ചൂണ്ടിക്കാട്ടി ഹജ്ജ്കാര്യ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇത്‌സംബന്ധിച്ച് പ്രമേയം പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ തീരുമാനം ഹജ്ജ് ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍ തുടങ്ങിയവര്‍ക്കും പ്രതിസന്ധിയുണ്ടാക്കും. സംസ്ഥാനത്ത് ഹജ്ജ്് കമ്മിറ്റി മുഖേന അപേക്ഷിച്ചവര്‍ക്കു നീണ്ട കാത്തിരിപ്പിനൊടുവിലാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാം ഹജ്ജിന് പോകാന്‍ അവസരം നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest