Connect with us

Kozhikode

വടകര താലൂക്കിലെ റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാകുന്നു

Published

|

Last Updated

വടകര: റേഷന്‍ മൊത്ത വ്യാപാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാകുന്നു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത വ്യാപാരിയുടെ കീഴില്‍ അറ്റാച്ച് ചെയ്ത റേഷന്‍ കടകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ മറ്റ് മൂന്ന് മൊത്ത വ്യാപാരികള്‍ക്ക് ചുമതല നല്‍കി.
വടകര ജെ ടി റോഡിലെ ഫെബിന ട്രേഡിംഗ് കോര്‍പറേഷന്റെ ലൈസന്‍സാണ് റേഷന്‍ ഗോതമ്പ് തിരിമറി നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. വടകര താലൂക്കിലെ അറുപതോളം റേഷന്‍ കടകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൊത്ത വ്യാപാരിയാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതോടെ ഇവിടെ അറ്റാച്ച് ചെയ്ത റേഷന്‍ കട ഉടമകളും കാര്‍ഡുടമകളും അങ്കലാപ്പിലായിരുന്നു. ട്രേഡിംഗ് കോര്‍പറേഷനില്‍ അറ്റാച്ച് ചെയ്ത 60 കടകളാണുള്ളത്.
ഇതില്‍ കുറ്റിയാടിയിലെ മമത ട്രേഡിംഗ് കോര്‍പറേഷനിലേക്ക് പത്തൊമ്പതും, വടകര കോ -ഓപ്പ് റൂറല്‍ ബേങ്കിന്റെ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് പതിനേഴും വടകര മാധവി ട്രേഡിംഗ് കോര്‍പറേഷനിലേക്ക് ഇരുപത്തിനാലും റേഷന്‍ കടകളാണ് അറ്റാച്ച് ചെയ്തത്.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് 45 റേഷന്‍ കടകളെ അറ്റാച്ച് ചെയ്യാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ നീക്കം നടത്തിയിരുന്നു. ഇത് വിവാദമായപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു.
അതെസമയം, ഗോതമ്പ് തിരിമറിയുടെ പേരില്‍ റേഷന്‍ കടക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ നടത്തി വരുന്ന കടയടപ്പ് സമരം രണ്ട് ദിവസം പിന്നിട്ടു.
142 റേഷന്‍ ഷാപ്പ് ഉടമകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് രാജി നല്‍കിയിട്ടുണ്ട്.
റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണ കൂടവും സിവില്‍ സപ്ലൈസ് അധികൃതരും അടുത്ത ദിവസം റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തും.