Connect with us

Kozhikode

ടി പി വധം: കൂറുമാറിയവരുടെ എണ്ണം അമ്പതായി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേകേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 27-ാം സാക്ഷി അഴിയൂര്‍ തെരുവിങ്കല്‍ വീട്ടില്‍ അന്‍ഷിത്ത് നാരായണന്‍ (21)ആണ് ഇന്നലെ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി മാറ്റിയത്. ടി പിയെ വധിക്കാനായി കൊലയാളിസംഘം ഇന്നോവയില്‍ ആയുധങ്ങള്‍ കയറ്റിയതിനും, പി എം രമീഷും ദിപിനും അവ ഒളിപ്പിച്ചതിനും, “ടി പിക്ക് പണി കൊടുക്കാനുള്ളതാണ് വാളുകള്‍” എന്ന് ദിപിന്‍ പറഞ്ഞതിനും താന്‍ സാക്ഷിയാണെന്ന് നേരത്തെ പോലീസിന് നല്‍കിയ മൊഴിയാണ് അന്‍ഷിത്ത് മാറ്റി പറഞ്ഞത്. ഇതോടെ ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയവരുടെ എണ്ണം അമ്പതായി.
കൊലയാളി സംഘത്തെയും ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും വടകര എസ് ഐ ടി ക്യാമ്പില്‍ നേരിട്ടെത്തിയ അന്‍ഷിത് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ഒന്നാം പ്രതി എം സി അനൂപ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവരെ പ്രതിക്കൂട്ടില്‍ എഴുനേല്‍പ്പിച്ച് നിര്‍ത്തിയെങ്കിലും ഇവരെ അറിയില്ലെന്നാണ് അന്‍ഷിത് മൊഴി നല്‍കിയത്. കോടതി വളപ്പിലുള്ള ഇന്നവോ കാറും അറിയില്ലെന്ന് ഇയാള്‍ പറഞ്ഞു. കോറോത്ത്‌വയലില്‍ നടക്കാറുള്ള ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടീമുമായി വന്ന് കളിക്കാറുള്ള കൊടി സുനിയെ പരിചയമുണ്ടെന്നും മുഹമ്മദ് ഷാഫിയെ മെയ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഇന്നോവ കാറിനുള്ളില്‍ കണ്ടിരുന്നെന്നും നേരത്തെ നല്‍കിയ മൊഴികളും ഇയാള്‍ മാറ്റിപ്പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ മൊഴിയെടുത്ത നാദാപുരം മജിസ്‌ട്രേറ്റ് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് മുമ്പാകെയും അന്‍ഷിത് നല്‍കിയ മൊഴി ഇപ്രകാരമായിരുന്നു.
“വീടിനടുത്ത് താമസിക്കുന്ന പി എം രമീഷിനെയും ദിപിനെയും സുബിനെയും പരിചയമുണ്ട്. 2012 മെയ് രണ്ടിന് രാത്രി എട്ടര മുതല്‍ അഴിയൂര്‍ വ്യവസായ എസ്റ്റേറ്റിന് സമീപത്തെ അരിവാള്‍ ചുറ്റിക സ്തൂപത്തിനടുത്ത് ഞാനും രമീഷും സുബിനും ദിപിനും ഒരുമിച്ചിരുന്ന് സംസാരിക്കവെ ഒരു ഇളംകളര്‍ ഇന്നോവ കാര്‍ അവിടെയെത്തി. കമ്പനി മാനേജരുടെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയ കാറിന്റെ ഡോര്‍ തുറന്നിറങ്ങിയ കൊടി സുനി രമീഷുമായി സംസാരിച്ചു. കാറിനുള്ളില്‍ കുറ്റിത്താടി വളര്‍ത്തിയ ഒരാള്‍ (ടി കെ രജീഷ്) ഇരിക്കുന്നത് കണ്ടു. കാറില്‍ മുഹമ്മദ് ഷാഫിയെയും ഡ്രൈവിംഗ് സീറ്റില്‍ എം സി അനൂപിനെയും കണ്ടു. വ്യവസായ എസ്റ്റേറ്റിന് പിറക് വശത്തെ കുറ്റിക്കാട്ടില്‍ നിന്ന് ആയുധങ്ങളടങ്ങിയ ചാക്കുകെട്ട് എടുത്ത് ദിപിന്‍ ഇന്നോവ കാറിന്റെ പിറകില്‍ കൊണ്ടുവെച്ചു. ചാക്കിലുള്ളതെന്താണെന്ന് ചോദിച്ചപ്പോള്‍ അതിനുള്ളില്‍ വാളുകളാണെന്ന് ദിപിന്‍ പറഞ്ഞു. അതിന് ശേഷം കോറോത്ത് റോഡ് ഭാഗത്തേക്ക് ഓടിച്ചുപോയ കാര്‍ രാത്രി പത്തരയോടെ തിരിച്ചെത്തി. കാറിനുള്ളില്‍ നിന്നും വാളുകള്‍ അടങ്ങിയ ചാക്കുകെട്ട് കൊടി സുനി ദിപിന് എടുത്ത് കൊടുത്തു. ദിപിനും രമീഷും ഞാനും കൂടി തെരുവിങ്കല്‍താഴ അശോകന്റെ ഉടമസ്ഥതയിലുള്ള ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തി. വീടിന്റെ പാരപ്പറ്റിന് മുകളില്‍ കയറി രമീഷിന് ദിപിന്‍ ചാക്കുകെട്ട് എടുത്ത് നല്‍കി. രമീഷ് വാളുകള്‍ അവിടെ ഒളിപ്പിച്ചു. രാവിലെ ചാക്ക് അവര്‍ വന്ന് എടുത്തുകൊണ്ടുപോകുമെന്ന് ഇരുവരും പറഞ്ഞു. അവിടെ നിന്ന് വീട്ടിലേക്ക് പോയി. പിറ്റേദിവസം പ്ലബ്ബിംഗ് പണിക്ക് പോയ ഞാന്‍ രാത്രി എട്ടരയോടെ വീട്ടിലെത്തി. കോറോത്ത് വയലില്‍ ദിപിന്‍ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. ദിപിനും സുബിനും ഞാനും വീടിന്റെ മതിലിന് മുകളില്‍ കയറിയിരുന്ന് സംസാരിച്ചു. സംസാരത്തിനിടയില്‍ “ടി പിക്ക് പണികൊടുക്കാനുള്ളതാണ് വാളുകള്‍” എന്നും പക്ഷെ “കിട്ടിയില്ല” എന്നും പറഞ്ഞു. രാത്രി പത്തരയോടെ കൊടി സുനിയും കൂട്ടരും ഇന്നോവയില്‍ വന്നു. ചാക്ക്‌കെട്ട് ദിപിനെ ഏല്‍പ്പിച്ചു. രമീഷും ദിപിനും കൂടി ചാക്ക്‌കെട്ട് എടുത്തുകൊണ്ടുപോയി. എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോള്‍ “ടി പിയെ കൊല്ലാനാണ് പരിപാടി” എന്ന് അവര്‍ പറഞ്ഞെന്നുമായിരുന്നു അന്‍ഷിത്തിന്റെ നേരത്തെയുള്ള മൊഴി.
അഡീഷണല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി കുമാരന്‍കുട്ടിയുടെ വിസ്താരത്തിനിടെ “മജിസ്‌ട്രേറ്റിന് മുമ്പാകെ സ്വമേധയാ ആണ് മൊഴി നല്‍കിയത്” എന്ന് പറഞ്ഞ അന്‍ഷിത്ത് പിന്നീട് “പൊലീസ് പറഞ്ഞത് പ്രകാരം കള്ളക്കേസെടുക്കുമെന്ന് ഭയന്നാണ് മൊഴി നല്‍കിയത്” എന്ന് അവകാശപ്പെട്ടു. താന്‍ മുമ്പ് ക്രിമിനല്‍കേസില്‍ പ്രതിയായിട്ടുണ്ടെന്നും അന്‍ഷിത്ത് പറഞ്ഞു. അതേസമയം നാട്ടുകാരും കേസിലെ പ്രതികളുമായ 28- ാം പ്രതി അഴിയൂര്‍ രമൃത നിവാസില്‍ കള്ളാറത്ത് പി എം രമീഷ് എന്ന കുട്ടു, 29- ാം പ്രതി അഴിയൂര്‍ കോട്ടാമലകുന്ന് കുന്നുമ്മല്‍ കെ പി ദിപിന്‍ (23) എന്നിവരെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. അന്‍ഷിത്ത് കൂറുമാറിയേക്കുമെന്ന് ഭയന്ന് നേരത്തെ വിസ്താരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് പ്രോസിക്യൂഷന്‍ വിസ്താരത്തിന് വീണ്ടും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ജഡ്ജ് ഇന്നലെ അനുവദിച്ചത്.