Connect with us

Editorial

വിദേശ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാനാകണം

Published

|

Last Updated

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടത് രാജ്യത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെയാണ് പ്രകടമാക്കുന്നത്. ഒരു ദിവസം കൊണ്ടുമാത്രം രൂപയുടെ വിനിമയ നിരക്കില്‍ 1.19 ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. അഥവാ 109 പൈസയുടെ വ്യത്യാസം. ഇത് ഒരു വികസ്വര രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ അത്ര വലുതല്ലെങ്കിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ രണ്ട് പക്ഷമില്ല. കഴിഞ്ഞ ദിവസം 58.15 ല്‍ ക്ലോസ് ചെയത രൂപ ഇന്നലെ 58.27 രൂപയിലാണ് വിനിമയം ആരംഭിച്ചത്. പിന്നീട് 58.98 ലേക്കുയര്‍ന്നെങ്കിലും റിസര്‍വ് ബേങ്കിന്റെ ഇടപെടല്‍ മൂലം 58.45 ലാണ് നിന്നത്. എന്നാല്‍ റിസര്‍വ് ബേങ്കിന്റെ മാത്രം ഇടപെടല്‍ കൊണ്ട് രൂപയുടെ മൂല്യശോഷണത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ക്രമാതീതമായ മൂല്യത്തകര്‍ച്ച വന്‍പ്രത്യാഘാതമുളവാക്കുമെന്ന് വന്നതോടെയാണ് മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബേങ്ക് ഇടപെട്ടത്. ഡോളറുകള്‍ വിറ്റഴിച്ച് ഡോളറിന്റെ ഡിമാന്‍ഡ് കുറക്കാനുള്ള റിസര്‍വ് ബേങ്കിന്റെ നീക്കം രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ഇടക്കാലാശ്വാസം മാത്രമേ നല്‍കുകയുള്ളൂ. ഇതാണ് ചെറിയ തോതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്.
എന്നാല്‍ ഒരു വികസ്വര രാജ്യത്തിന്റെ കറന്‍സിയുടെ അനിയന്ത്രിതമായ മൂല്യത്തകര്‍ച്ച ആ രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. ഇത് പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നടപടികളാണ് ഭരണകര്‍ത്താക്കളില്‍ നിന്നുണ്ടാകേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അനുഭവപ്പെട്ട കമ്മി പരിശോധിച്ചാല്‍ നിലവിലെ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാനാകും.
ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഉയര്‍ത്താനും അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചക്ക് പ്രധാനമായും ഇടയാക്കിയത് രാജ്യത്തെ സാമ്പത്തിക, വിദേശ നയങ്ങളാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. ഇതു പരിഹരിക്കാന്‍ നയങ്ങളില്‍ കാതലായ മാറ്റം വരുത്തണം. രൂപയെ നിലവിലെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ഇദംപ്രഥമമായി ചെയ്യേണ്ടത് വിദേശ നാണ്യശേഖരം പരമാവധി വര്‍ധിപ്പിക്കുകയാണ്. ഇതിന് പ്രധാനമായും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയണം. വന്‍തോതില്‍ ദീര്‍ഘകാല നിക്ഷേപവും ഹ്രസ്വകാല നിക്ഷേപവും രാജ്യത്തേക്ക് ഒഴുകിയാല്‍ മാത്രമേ രൂപക്ക് പിടിച്ചുനില്‍ക്കാനാകൂ. ദീര്‍ഘകാല നിക്ഷേപം ആകര്‍ഷിക്കാന്‍ നിക്ഷേപത്തുക സുരക്ഷിതമാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇങ്ങനെ വരുമ്പോള്‍ ഓഹരി വിപണികള്‍ വഴിയെത്തുന്ന ഹ്രസ്വകാല നിക്ഷേപത്തെയും രാജ്യത്തിന്് ഗുണകരമായി ഉപയോഗപ്പെടുത്താനാകും.
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ്പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക ഉത്തേജന നടപടികളില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് വ്യക്തമായതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പലിശ നിരക്കില്‍ വന്ന വര്‍ധന രാജ്യത്തെ വിദേശ നിക്ഷേപകരുടെ താത്പര്യം കുറച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് രാജ്യത്തിന് തിരിച്ചടിയാകും. കഴിഞ്ഞ മാസം മാത്രം ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച വിദേശ നിക്ഷേപം 7000 കോടിയിലധികം വരുമെന്ന ഫോറിന്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്റെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം പ്രവാസികള്‍ വഴി ഒഴുകുന്ന രാജ്യം ഇന്ത്യയാണെങ്കില്‍ ഇത് രാജ്യത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലെന്നതാണ് യാഥാര്‍ഥ്യം. രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് താത്കാലികമായി ഗുണം ചെയ്യുമെങ്കിലും ഈ പ്രവണത തുടര്‍ന്നാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ കര്‍ക്കശമാക്കി ജോബ്കില്ലര്‍ പോലുള്ള സംവിധാനം ഉപയോഗിച്ച് തൊഴിലാളികളെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല. സാമ്പത്തിക മേഖലയില്‍ രൂപയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ധനകാര്യമന്ത്രാലയവും റിസര്‍വ് ബേങ്കും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണം.