Connect with us

Articles

പഠനത്തിന്റെ പോരായ്മയല്ല, പക്ഷേ

Published

|

Last Updated

സ്്കൂളുകള്‍ തുറന്നു. വിദ്യാര്‍ഥികള്‍ പഠനത്തില്‍ സജീവമായിത്തുടങ്ങി. മുമ്പത്തെക്കാള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍. വിദ്യാഭ്യാസത്തിലൂടെ മാത്രമേ വ്യക്തജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റമുണ്ടാകു എന്ന തിരിച്ചറിവാണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ രക്ഷിതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. അതേസമയം, നമ്മുടെ വിദ്യാഭ്യാസ രീതി അത്തരമൊരു മാറ്റത്തിന് വിധേയമാകുന്ന രൂപത്തിലാണോ സംവിധാനം ചെയ്തിട്ടുള്ളതെന്ന സംശയം അവശേഷിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായ മുന്നേറ്റം നടത്തിയിട്ടുള്ള കേരളം യുവജനങ്ങളുടെ ആത്മഹത്യാ നിരക്കിലും പീഡനക്കേസുകളിലും മോഷണക്കുറ്റങ്ങളിലും ഒന്നാം സ്ഥാനം കൈവരിച്ചിരിക്കയാണ്. നിലവിലുള്ള വിദ്യാഭ്യാസ രീതിയുടെ വൈകല്യമാണോ ഇതിനു നിദാനമെന്ന അന്വേഷണം ഗൗരവമായ വിശകലനം അര്‍ഹിക്കുന്നതാണ്.
നമ്മുടെ ഭാവിതലമുറയുടെ മാനസികവും വൈകാരികവും വൈയക്തികവും സാമൂഹികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉതകുന്ന വിധത്തില്‍ നമ്മുടെ നമ്മുടെ വിദ്യാഭ്യാസ രീതി നവീകരിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. തന്നിലും കുടുംബത്തിലും മാത്രമൊതുങ്ങി ചിന്തിക്കുന്ന, സ്വന്തം ഉയര്‍ച്ചക്കു വേണ്ടി എത്ര മ്ലേച്ഛമായ രീതിയിലും മത്സരിക്കുന്ന, സാമൂഹിക മൂല്യങ്ങളും കൂട്ടായ്മ മനഃസ്ഥിതിയും കൈവെടിഞ്ഞ ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. അഴിമതി, സ്വജനപക്ഷപാതം, കൊലപാതകം, ആത്മഹത്യകള്‍, കച്ചവട മനഃസ്ഥിതി, സുരക്ഷിതത്വമില്ലാത്ത സ്തീ ജീവിതം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഇവയെല്ലാം സൃഷ്ടിക്കുന്നതില്‍ നാം പിന്തുടരുന്ന വിദ്യാഭ്യാസത്തിനും മുഖ്യ പങ്കില്ലേ? “ഒരു പാഠശാല ആരംഭിക്കുന്നവന്‍ ഒരു കാരാഗൃഹത്തിന്റെ ആവശ്യകതയെ ഇല്ലായ്മ ചെയ്യുന്നു” എന്ന കാര്‍ലൈനിന്റെ വാക്കുകള്‍ കേരള പശ്ചാത്തലത്തില്‍ തെറ്റിയില്ലേ?
അധ്യയനത്തിലൂടെ വിദ്യാര്‍ഥികളില്‍ അഭിലഷണീയമായ പരിവര്‍ത്തനം ഉളവാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിജ്ഞാന, വൈകാരിക, മനഃശ്ചാലിക മേഖലകളുടെ സന്തുലിതമായ വികാസമാണ് വിദ്യാഭ്യാസം. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ ക്രമാതീതമായ വികാസം അപകടമാണ്. ബുദ്ധിമണ്ഡലം മാത്രം വികസിക്കുമ്പോള്‍, ചിന്തയും അന്വേഷണവും വളരുന്നു. പ്രസ്തുത വ്യക്തി ഒരു പ്രതിഭാശാലിയാകും. വിജ്ഞാന ഭാണ്ഡമാകും. എന്നാല്‍, വിജ്ഞാന തലത്തില്‍ മാത്രമൊതുങ്ങിയാല്‍ സഹതാപം, സഹകരണം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ വളരാത്തതിനാല്‍ ഏത് നിഷ്ഠൂരതക്കും അവര്‍ മുതിര്‍ന്നേക്കാം.
വൈകാരിക മണ്ഡലം മാത്രം വികസിക്കുമ്പോഴാണ് വികാരാധീനനായി ബുദ്ധിശൂന്യത പ്രകടിപ്പിക്കുന്നത്. വികാരങ്ങള്‍ ഒരു ദൗര്‍ബല്യമായി അനുഭവപ്പെടുന്നു. യുക്തിചിന്തയോടെ ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോകുന്നു. സ്‌നേഹം, കാരുണ്യം, വാത്സല്യം തുടങ്ങിയവക്കെല്ലാം അധീനനായി ജീവിത പോരാട്ടത്തില്‍ ഇവര്‍ പരാജയപ്പെടുന്നു. മനഃശ്ചാലിക മണ്ഡലം മാത്രം വികസിച്ചാല്‍ ബുദ്ധിയും വികാരവുമില്ലാത്ത ഒരു മൃഗമായി മനുഷ്യന്‍ തരം താഴുന്നു.
ഒരിക്കല്‍ റാങ്കും ഉന്നത ബുരുദവും സമ്പാദിച്ചവര്‍ പില്‍ക്കാലത്ത് ആത്മഹത്യയിലോ മയക്കുമരുന്നിലോ ചെന്നുചാടുന്നത് വിജ്ഞാന മണ്ഡലം മാത്രം വികസിച്ചതുകൊണ്ടാണ്. പരീക്ഷയില്‍ തോറ്റതിന് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് വൈകാരിക മണ്ഡലത്തില്‍ വികസനം നടക്കാത്തത് കൊണ്ടാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കുന്നതിനും റാങ്ക് ജേതാക്കളെ സൃഷ്ടിക്കുന്നതിനുമായുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ വിസ്മരിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ മാത്രമാകുകയല്ല; മനുഷ്യത്വമുള്ള മനുഷ്യരെയാണ് നമുക്കാവശ്യം. ഈയിടെ ജയ്പൂരില്‍ നടന്ന അപകടത്തിന്റെ ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടല്ലോ. വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് ഭാര്യയുടെയും മകളുടെയും മൃതദേഹത്തിനരികില്‍ നിന്ന് സഹായത്തിനായി കേണിട്ടും ഒരാള്‍ പോലും തിരിഞ്ഞുനോക്കുന്നില്ല. പത്തിലധികം വാഹനങ്ങള്‍ അതിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപക്ഷേ, അതിലൂടെ പോയവര്‍ വിദ്യാസമ്പന്നരോ ഉദ്യോഗസ്ഥരോ ആകാം. മനുഷ്യത്വം ഇല്ലെന്നു മാത്രം. അറിവും കഴിവും മൂല്യബോധവുമുള്ള പക്വമതികളായ പൗരന്മാരെ വാര്‍ത്തെടുക്കലാകണം വിദ്യാഭ്യാസം. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി ആധികാരിക പഠനം നടത്തിയ കോത്താരി കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത് ഇങ്ങനെയാണ്:”” നമ്മുടെ വിദ്യാലയങ്ങളില്‍ കലകളും ശാസ്ത്രങ്ങളും അഭ്യസിച്ചാലും ആസൂത്രണത്തിലൂടെ സാമ്പത്തിക പുരോഗതി കൈവരിച്ചാലും ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിക്കാതിരുന്നാല്‍ ഇവിടെ രാക്ഷസീയ സംസ്‌കാരം പടുത്തുയര്‍ത്തുകയായിരിക്കും നാം ചെയ്യുക.