ചൈനീസ് പോപ്പും വി എസിന്റെ ചൂരലും

Posted on: June 12, 2013 6:00 am | Last updated: June 11, 2013 at 10:54 pm
SHARE

vs 2ചര്‍ച്ച ദേവസ്വം ബില്ലിനെക്കുറിച്ചാകുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്വാഭാവികം. വൈരുധ്യാത്മക ഭൗതിക വാദികളാല്‍ സമ്പന്നമായ സഭയില്‍ പ്രത്യേകിച്ചും. ദേവസ്വം ബോര്‍ഡ് നിയമന രീതിയില്‍ അല്ലറചില്ലറ മാറ്റങ്ങളും നിയമനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡും ലക്ഷ്യമിടുന്ന ബില്ലാണ് വി എസ് ശിവകുമാര്‍ അവതരിപ്പിച്ചതെങ്കിലും ചര്‍ച്ച ത്രിപുര വഴി ചൈനയിലും വത്തിക്കാനിലും ഇംഗ്ലണ്ടിലും വരെ ചെന്നെത്തി. ചര്‍ച്ച ഉലകം ചുറ്റിയതോടെ ദേവസ്വം ബില്ലിനെക്കുറിച്ചാണ് സംസാരമെന്ന് ഇടക്കിടെ സ്പീക്കര്‍ക്ക് ഓര്‍മിപ്പിക്കേണ്ടിയും വന്നു.

പാലോട് രവിയുടെ ത്രിപുര സന്ദര്‍ശനവും എ കെ ബാലനും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും നടത്തിയ ചൈനാ പര്യടനവും ജി സുധാകരന്റെ പരന്ന വായനയുമെല്ലാം ചേര്‍ന്നതോടെയാണ് ദേവസ്വം ബില്‍ ആഗോള പ്രശ്‌നമായി മാറിയത്.
പാലോട് രവി ത്രിപുരയിലെത്തിയപ്പോള്‍ അവിടുത്തെ പ്രസിദ്ധമായൊരു ക്ഷേത്രത്തിലെ ഉത്സവം കണ്ടു. മുഖ്യസംഘാടകന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറും സഹപ്രവര്‍ത്തകരും. കേരളത്തിലായിരുന്നെങ്കില്‍ പാര്‍ട്ടി ശാസനക്ക് വേറെ കാരണമൊന്നും വേണ്ടെന്നും രവി. വൈരുധ്യാത്മക ഭൗതികവാദികളാണെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ മതവിരുദ്ധരല്ലെന്നതിന്റെ തെളിവാണതില്‍ എ കെ ബാലന്‍ കണ്ടത്. ബാലനും രണ്ടത്താണിയും അഹ്മദ് കബീറുമെല്ലാം കമ്മ്യൂണിസ്റ്റ് ചൈനയില്‍ പോയപ്പോള്‍ അനുഭവിച്ചതും ഇത് തന്നെ.
നിസ്‌കരിക്കാന്‍ കഴിയുമോയെന്ന ആശങ്കയോടെയാണ് ബാലനൊപ്പം രണ്ടത്താണി ചൈനയിലേക്ക് വിമാനം കയറിയത്. അവിടെയെത്തിയപ്പോള്‍ അഞ്ച് വഖ്തും കൃത്യമായി പള്ളിയില്‍ പോയി നിസ്‌കരിച്ചു. ഹലാലായ ഭക്ഷണം മാത്രം കഴിച്ചു.
റസൂലിന്റെ സമകാലീനന്‍ സയ്യിദ് ഇബ്‌നു അബീ വക്കാസിന്റെ ഖബറിടമുള്ള പള്ളിയില്‍ പോയും നിസ്‌കരിച്ചു.
ഇതെല്ലാം കണ്ട് അമ്പരന്ന രണ്ടത്താണി ചൈനയില്‍ നിന്ന് പറഞ്ഞ രഹസ്യവും ബാലന്‍ വെളിപ്പെടുത്തി. ചൈനയിലെ കമ്യൂണിസം ഇങ്ങനെയാണെങ്കില്‍ മുസ്‌ലിം ലീഗ് പിരിച്ചുവിടേണ്ടിവരുമല്ലോ? അനുഭവിച്ചതെല്ലാം സത്യമാണെന്ന് രണ്ടത്താണി സമ്മതിച്ചെങ്കിലും ബീജിംഗില്‍ ഒളിമ്പിക്‌സ് നടന്നത് കൊണ്ടാണിതിന് കഴിഞ്ഞത്. ഒളിമ്പിക്‌സിന് മുമ്പ് ലോകരാജ്യങ്ങളുടെ സമ്മര്‍ദഫലമായാണ് പൂട്ടിക്കിടന്ന ആരാധാനാലയങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ തുറന്നുകൊടുക്കേണ്ടിവന്നതെന്നും രണ്ടത്താണി.
വത്തിക്കാനിലെ മാര്‍പ്പാപ്പയെ അംഗീകരിക്കാന്‍ കഴിയാത്ത ചൈനക്കാര്‍ അവര്‍ക്ക് മാത്രമായി ഒരു മാര്‍പ്പാപ്പയെ വാഴിച്ചിരിക്കുകയാണ്. ബുദ്ധമത കേന്ദ്രങ്ങളിലേക്ക് പോകാന്‍ ടോള്‍പിരിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടത്താണി ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ ലേഖന പരമ്പരയില്‍ ഇതൊന്നും ബാലന്‍ കണ്ടില്ലെന്ന് മാത്രം. മാര്‍പ്പാപ്പയെ നിഷേധിക്കുന്നതില്‍ ജി സുധാകരന്‍ പുതുമ കണ്ടില്ല. 400 വര്‍ഷം മുമ്പ് തന്നെ ഇംഗ്ലണ്ടുകാര്‍ മാര്‍പ്പാപ്പനിഷേധികളാണ്.
ബ്രിട്ടീഷ് രാജകുമാരന്റെ ഇഷ്ടകാമുകിയെ വിവാഹം കഴിക്കാന്‍ മാര്‍പ്പാപ്പ തടസ്സമായപ്പോള്‍ സ്വന്തം പാപ്പയെ വാഴിച്ചാണ് ഇതിനെ നേരിട്ടത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായത് ഇങ്ങനെയാണെന്നും സുധാകര ഗവേഷണം.
ശുദ്ധ കത്തോലിക്കനായ പി സി ജോര്‍ജിന് ഈ നിരീക്ഷണം പിടിച്ചില്ല. രാജാവ് തന്റെ ഭാര്യയെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോഴാണ് മാര്‍പ്പാപ്പ അനുമതി നിഷേധിച്ചതെന്നായി ജോര്‍ജ്. അങ്ങനെയല്ലെന്ന് സുധാകരനും.
ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരികയും അതനുസരിച്ച് സ്വന്തം പ്രതിനിധിയെ വിജയിപ്പിക്കുകയും ചെയ്ത ശേഷം ദേവസ്വം ബില്ലിനെതിരെ നിരാകരണ പ്രമേയം അവതരിപ്പിക്കുന്നത് പാലോട് രവിക്ക് സുഖിച്ചില്ല. ഇത് ക്രമപ്രശ്‌നമായി വന്നെങ്കിലും വോട്ടിംഗില്‍ പങ്കെടുക്കാത്ത പി ടി എ റഹീം ഇത് ബാധകമല്ലെന്ന് തിരിച്ചടിച്ചു. ദേവസ്വം ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ഒഴിവാക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ കത്തിക്കയറി.
കോണ്‍ഗ്രസിനെ സോണിയാ ഗാന്ധി നയിക്കുമ്പോള്‍ എങ്ങനെ ഇത് സംഭവിച്ചു. വനിതകളുടെ കാര്യത്തില്‍ ഇത്രയധികം ഉത്കണ്ഠയുണ്ടെങ്കില്‍ എല്‍ ഡി എഫ് പ്രതിനിധികളായി വനിതകളെ മത്സരിപ്പിക്കാമായിരുന്നില്ലേയെന്ന് ബെന്നി ബഹ്‌നാനും സംശയം. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണമുള്ളപ്പോള്‍, പാര്‍ലിമെന്റില്‍ 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ക്ഷേത്രങ്ങളില്‍ നിന്ന് വനിതകളെ ഒഴിവാക്കുന്നതിന്റെ യുക്തി റഹീമിനും പിടികിട്ടിയില്ല. പഞ്ചായത്തുകള്‍ പൊതുസ്ഥാപനങ്ങളാണെന്നും ക്ഷേത്രങ്ങള്‍ അങ്ങനെയല്ലെന്നും സി പി മുഹമ്മദ് തിരുത്തി.
സവര്‍ണരെ തിരഞ്ഞെടുക്കാനുള്ള അവകാശം മന്ത്രിസഭക്കും പട്ടികജാതി പട്ടികവര്‍ഗ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം നിയമസഭക്കും നല്‍കിയതിലും റഹീം പന്തികേട് മണത്തു. എസ് എന്‍ ഡി പിയെയും എന്‍ എസ് എസിനെയും പ്രീണിപ്പിക്കാനാണിത്. മനോഭാവത്തിന്റെ പ്രശ്‌നമാണിതെന്നും റഹീം പറഞ്ഞുവെച്ചു.
സ്ത്രീകളുടെ ചാമ്പ്യന്‍പട്ടം ദേവസ്വം ബോര്‍ഡിന്റെ ചെലവില്‍ ഏറ്റെടുക്കാന്‍ നോക്കിയാല്‍ ശിവദാസന്‍ നായര്‍ സമ്മതിക്കില്ല. വനിതകള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പ്രാധാന്യം ട്രഷറി ബെഞ്ചിലേക്ക് നോക്കിയപ്പോള്‍ തന്നെ ബാലന് ബോധിച്ചു. പാവം ജയലക്ഷ്മി മാത്രം.
നെഹ്‌റുവിന് ആണ്‍മക്കളില്ലാതിരുന്നതുകൊണ്ടാണ് മകളായ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതെന്ന് കെ ടി ജലീലിന്റെ ഗവേഷണം. ഡോക്ടറും വിദ്യാസമ്പന്നനുമെല്ലാമായ ജലീല്‍ ഇങ്ങനെ പറഞ്ഞത് ഗാന്ധിയുടെ നേര്‍ പിന്മുറക്കാരനായ വിഷ്ണുനാഥിന് രുചിച്ചില്ല. പരാമര്‍ശത്തില്‍ അദ്ദേഹം ക്രമപ്രശ്‌നം കണ്ടു.
എം എല്‍ എമാര്‍ പട്ടികജാതി, വര്‍ഗ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് കെ മുരളീധരന്‍. മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന എം എല്‍ എമാരാണ് ഇവരെയും തിരഞ്ഞെടുക്കുന്നത്. അതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?. ക്ഷേത്രങ്ങളില്‍ നിന്നും ഭക്തരെ ഇറക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പി ശ്രീരാമകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍.
അങ്ങനെ ശ്രമിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ഭക്തര്‍ക്കൊപ്പം ദൈവവും ഇറങ്ങിപ്പോകും. ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ് കാര്യാലയങ്ങളാകുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പി സി വിഷ്ണുനാഥ് മുന്നറിയിപ്പ് നല്‍കി. അവരെ പുറത്താക്കി ക്ഷേത്രങ്ങളുടെ പരിശുദ്ധി വീണ്ടെടുക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
പകര്‍ച്ചപ്പനി അടിയന്തരപ്രമേയത്തിന് വിഷയമാക്കിയപ്പോള്‍ പനി തടയാന്‍ ചേര്‍ന്ന യോഗങ്ങളുടെ കണക്ക് പറഞ്ഞാണ് വി എസ് ശിവകുമാര്‍ ഇതിനെ നേരിട്ടത്. ഭരിക്കാന്‍ കഴിയാത്ത മന്ത്രിമാരെ വളഞ്ഞിട്ട് ചൂരല്‍ കൊണ്ട് അടിക്കാന്‍ വി എസ് അച്യുതാനന്ദന്‍ ഉപദേശിച്ചു. ഉമ്മന്‍ ചാണ്ടി ഇതിന് സന്നദ്ധമാണ്. പക്ഷെ, മുന്‍കാല പ്രാബല്യം നല്‍കണമെന്ന് മാത്രം.