Connect with us

Kasargod

കെ സുധാകരനെതിരായ കേസ് എഴുതിത്തള്ളി

Published

|

Last Updated

തിരുവനന്തപുരം: ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് കെ സുധാകരന്‍ എം പിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പോലീസ് എഴുതിത്തള്ളി. പോലീസ് സാക്ഷിമൊഴികളില്‍ നിന്ന് തെളിവുകളൊന്നും കിട്ടിയില്ലെന്ന് പറഞ്ഞാണ് കേസ് എഴുതിത്തള്ളിയത്. അതേസമയം, പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്. കൈക്കൂലി നല്‍കുമ്പോള്‍ സുധാകരന് ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന അബ്കാരി ജോസ് ഇല്ലിക്കലിന്റെ മൊഴി വിശ്വസനീയമല്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സുധാകരനെതിരെ ഉണ്ടായിരുന്ന വിജിലന്‍സ് കേസും എഴുതിത്തള്ളിയിരുന്നു.
ഇരുപത്തിയൊന്ന് ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണ പിള്ളക്ക് നല്‍കിയ സ്വീകരണവേദിയിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. ബാര്‍ ലൈസന്‍സ് കേസില്‍ കക്ഷികളായിരുന്ന ഇരുപത്തിയൊന്ന് അബ്കാരികളില്‍ ഏഴ് പേര്‍ കൈക്കൂലി ആരോപണം നിഷേധിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ദൃശ്യങ്ങള്‍ പരിശോധിക്കാതെ പോലീസ് ഏകപക്ഷീയമായി കേസ് അവസാനിപ്പിച്ചതായും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹരജിക്കാരനായ കെ പ്രമോദ് പറഞ്ഞു.

 

Latest