Connect with us

Editors Pick

ഒരു ഫോണ്‍ വിളിയില്‍ എല്ലാം അലിഞ്ഞു, കൂടുതല്‍ ദുര്‍ബലനായി അഡ്വാനി

Published

|

Last Updated

ന്യൂഡല്‍ഹി: എല്‍ കെ അഡ്വാനി ഉയര്‍ത്തിയ മൂന്നാം കലാപവും ബി ജെ പിയില്‍ ഒരു ചലനവുമുണ്ടാക്കാതെ കെട്ടടങ്ങുന്നു. പാര്‍ട്ടിയുടെ സുപ്രധാന സമിതികളില്‍ നിന്ന് രാജിവെച്ച അഡ്വാനി താന്‍ തീര്‍ത്തും ദുര്‍ബലനായി തീര്‍ന്നിരിക്കുന്നുവെന്ന് തെളിയിച്ചാണ് ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രചാരണ സമിതി ചെയര്‍മാനാക്കുന്നതില്‍ പ്രതിഷേധിച്ച് രാജി വെച്ച അഡ്വാനി, മോഡിയെ സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് അണുവിട മാറാന്‍ ഒരുക്കമല്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് പ്രഖ്യാപിക്കുമ്പോഴും, രാജി പിന്‍വലിക്കാന്‍ സന്നദ്ധനാകുന്നത് ഈ ദൗര്‍ബല്യത്തിന് തെളിവാണ്. പാര്‍ട്ടി പ്രവര്‍ത്തന രീതിയെക്കുറിച്ച് അഡ്വാനി ഉന്നയിച്ച വിമര്‍ശങ്ങള്‍ ഗൗരവപൂര്‍വം കാണുമെന്ന് മാത്രമാണ് നേതൃത്വം ഉറപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഉറപ്പ് എങ്ങനെയാണ് പാലിക്കാന്‍ പോകുന്നതെന്ന് രാജ്‌നാഥ് സിംഗ് പറയുന്നുമില്ല.

ഒരുമിച്ച് നീങ്ങാനാകാത്തവിധം പാര്‍ട്ടി മാറിക്കഴിഞ്ഞുവെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയ അഡ്വാനി ഒന്നും നേടാതെ തിരിച്ചു കയറുമ്പോള്‍ നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന ആശയഗതി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. ബി ജെ പിയിലെ തന്നെ ജസ്വന്ത് സിംഗിനെപ്പോലുള്ള നേതാക്കളില്‍ നിന്നും എന്‍ ഡി എ കക്ഷികളില്‍ നിന്നും സമ്മര്‍ദം സൃഷ്ടിച്ച് തിരിച്ച് ചെല്ലുകയെന്ന സാധ്യതയാണ് അഡ്വാനി കളഞ്ഞു കുളിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആര്‍ എസ് എസിന്റെ കടുത്ത സമ്മര്‍ദം തന്നെയാണ് അഡ്വാനിയെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചത്. നാഗ്പൂരില്‍ ബി ജെ പി നേതാക്കളും ആര്‍ എസ് എസ് നേതാക്കളും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നിര്‍ണായകമായത്. ബി ജെ പിയില്‍ വന്ന മാറ്റങ്ങളോട് രാജിയാകാന്‍ തയ്യാറാകണമെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ “കല്‍പ്പന”ക്ക് അഡ്വാനി വഴങ്ങുകയായിരുന്നു. ഒരു ഫോണ്‍ വിളി കൊണ്ട് എല്ലാം തീര്‍ന്നു.
ആറ് മണിയോടെ അഡ്വാനിയുടെ വസതിയിലെത്തിയ നേതൃപട യോഗം ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള പ്രസ്താവന തയ്യാറാക്കി. ” ദേശീയ എക്‌സിക്യൂട്ടീവ്, പാര്‍ലിമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയില്‍ നിന്ന് രാജിവെച്ച് അഡ്വാനി നല്‍കിയ കത്ത് സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അദ്ദേഹം ഈ മൂന്ന് സമിതികളിലും തുടരണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കും. അഡ്വാനിയുമായി ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് സംസാരിച്ചു. പാര്‍ലിമെന്റി ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഭഗവതിന്റെ നിര്‍ദേശം സ്വീകരിക്കാന്‍ അഡ്വാനി തീരുമാനിച്ചിരിക്കുന്നു”- പ്രസ്താവനയില്‍ പറയുന്നു.
എട്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അഡ്വാനി പദവികളില്‍ നിന്ന് രാജിവെക്കുന്നത്. 2005ല്‍ പാക്കിസ്ഥാനില്‍ വെച്ച് മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിനെതിരെ ആര്‍ എസ് എസ് ശക്തമായി പ്രതികരിച്ചതോടെയായിരുന്നു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി. അന്നും കാര്യമായ ചലനങ്ങളൊന്നുമില്ലാതെ നാല് ദിവസത്തിനു ശേഷം രാജി പിന്‍വലിച്ചു. ജിന്ന പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദം തുടര്‍ന്നതോടെ ഏഴ് മാസത്തിന് ശേഷം അധ്യക്ഷ സ്ഥാനം വീണ്ടും ഒഴിഞ്ഞു. ജിന്ന പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദവും അഡ്വാനിയെ ആര്‍ എസ് എസില്‍ നിന്ന് അകറ്റിയിരുന്നു. ഈ അകല്‍ച്ച പിന്നീട് പരിഹരിക്കപ്പെട്ടില്ല. തീവ്ര നിലപാടെടുത്തപ്പോള്‍ ആര്‍ എസ് എസിന് പ്രിയങ്കരനായിരുന്നു അഡ്വാനിയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, ഇത്തവണത്തെ അദ്ദേഹത്തിന്റെ രാജി വലിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു. നേതാക്കള്‍ സ്വാര്‍ഥ താത്പര്യത്തിനായി നിലകൊള്ളുന്നുവെന്ന ഗൗരവതരമായ വിമര്‍ശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ മാത്രമേ രാജി ഉപകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് “ലോഹപുരുഷ”നെ നിസ്സഹായനാക്കുന്നു. കൂടുതല്‍ ദുര്‍ബലനായ അഡ്വാനിയെയാകും വരും നാളുകളില്‍ കാണുക.

Latest