സ്വദേശി മീന്‍പിടുത്തക്കാരന് 5,000 ദിര്‍ഹം പിഴ

Posted on: June 11, 2013 6:56 pm | Last updated: June 11, 2013 at 6:56 pm
SHARE

ദിബ്ബ: കടലോരത്ത് നൂറുകണക്കിനു ചത്ത മത്സ്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വദേശി മീന്‍ പിടുത്തക്കാരനെ അധികൃതര്‍ പിടികൂടി. ദിബ്ബ നഗരസഭ ഇയാള്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തി. മറ്റു നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് നൂറുകണക്കിന് ചത്ത മത്സ്യങ്ങള്‍ ദിബ്ബ തീരത്ത് അടിഞ്ഞത്. ചില മത്സ്യങ്ങള്‍ ചീഞ്ഞു തുടങ്ങിയതിനാല്‍ ശക്തമായ ദുര്‍ഗന്ധം വമിച്ചിരുന്നു. ഇത്തരത്തിലൊരു സംഭവം ദിബ്ബ കടലോരത്ത് അടുത്തെങ്ങുമുണ്ടായിട്ടില്ലെന്ന് പ്രദേശത്തെ താമസക്കാരും അധികൃതരും വ്യക്തമാക്കി.
5,000 ചീഞ്ഞ മത്സ്യങ്ങളെ പുറത്തെടുത്ത് നശിപ്പിച്ചതായി നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറബികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഷേരി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളും ഇതില്‍പ്പെടും. മത്സ്യ വിപണിയില്‍ 40,000 ദിര്‍ഹം വിലമതിക്കുന്നതാണ് നശിപ്പിക്കപ്പെട്ട മത്സ്യങ്ങള്‍.
ആവശ്യത്തില്‍ കൂടുതല്‍ മീന്‍ പിടിച്ച സ്വദേശി വിപണിയില്‍ ബാക്കി വന്ന മത്സ്യങ്ങളെ തിരിച്ച് കടലില്‍ തന്നെ തള്ളുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.